പാട്ന: ബിഹാറിലെ സഹേബ്ഗഞ്ചിൽ യുവതി 40-കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഹരേന്ദ്ര മാഞ്ചി എന്നയാളെയാണ് പവിത്രി ദേവി എന്ന യുവതി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഹരേന്ദ്രമാഞ്ചിയെ ആദ്യം സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാൽ പാട്നയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യനില അതീവഗുരുതരമാണെന്നും ജനനേന്ദ്രിയം തുന്നിച്ചേർക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ഡോക്ടർമാർ പറഞ്ഞു.

ഹരേന്ദ്രമാഞ്ചിയെ ആക്രമിച്ച പവിത്രിദേവി(32)യെ പോലീസ് അറസ്റ്റ് ചെയ്തു. ഹരേന്ദ്ര മാഞ്ചിയുടെ ഭാര്യയുടെ പരാതിയിലാണ് പവിത്രിദേവിയെ പിടികൂടിയത്. ഇവർക്ക് പുറമേ ഭഗത് എന്നയാൾക്കും സംഭവത്തിൽ പങ്കുണ്ടെന്നാണ് പരാതിയിൽ പറയുന്നത്. ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, ഹരേന്ദ്ര മാഞ്ചിക്കെതിരേ പവിത്രിദേവിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുന്ന പവിത്രിദേവിക്ക് പ്രദേശത്തെ ഒട്ടേറെ യുവാക്കളുമായി ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിൽ ഒരാളാണ് ഭഗത്. ഇയാളും യുവതിയും വയലിൽവെച്ച് ലൈംഗികബന്ധത്തിലേർപ്പെടുന്നത് ഹരേന്ദ്ര മാഞ്ചി കാണാനിടയായി. ഇതിനുപിന്നാലെ യുവതി ഹരേന്ദ്രമാഞ്ചിയെ പ്രലോഭിപ്പിക്കാൻ ശ്രമിച്ചെന്നും എന്നാൽ എതിർത്തപ്പോൾ പുല്ലരിയുന്ന ആയുധം കൊണ്ട് ജനനേന്ദ്രിയം മുറിച്ചുമാറ്റിയെന്നുമാണ് പരാതിയിൽ പറയുന്നത്. സംഭവസ്ഥലത്തുണ്ടായിരുന്ന ഗ്രാമവാസികളും ഇതുതന്നെയാണ് പോലീസിനോട് പറഞ്ഞത്.

അതേസമയം, ഹരേന്ദ്ര മാഞ്ചി ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നും ഇത് ചെറുക്കാനായാണ് ആക്രമിച്ചതെന്നുമാണ് പവിത്രിദേവിയുടെ പരാതി. എന്നാൽ ഇതുസംബന്ധിച്ച് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു. കൂട്ടുപ്രതിയായ ഭഗതിനെ കൂടി പിടികൂടുന്നതോടെ സംഭവത്തിൽ വ്യക്തതവരുമെന്നും പോലീസ് അറിയിച്ചു.

Content Highlights:woman cuts off penis of a man in bihar