അങ്കമാലി: അങ്കമാലിയിൽ സ്കൂട്ടർ യാത്രികയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തി സ്ത്രീയുടെ പരാക്രമം. അങ്കമാലി ടി.ബി. ജങ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നിരവധി മോഷണക്കേസുകളിൽ പ്രതിയായ അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയിൽ പൊന്നാടത്ത് വീട്ടിൽ സാജുവിന്റെ മകൾ കൊച്ചുത്രേസ്യ എന്ന സിപ്സി(48)യാണ് നടുറോഡിൽ പരാക്രമം കാട്ടിയത്. ഇവരെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ പോലീസെത്തി പിടികൂടി.

സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് മുമ്പിൽ പോയ സ്കൂട്ടർ യാത്രികയെ മറ്റൊരു സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്സി ഇടിച്ചുവീഴ്ത്തിയത്. തുടർന്ന് 20 വയസ്സുള്ള യുവതിയെ മർദിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുകയും ചെയ്തു. അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു.

സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വനിതാ പോലീസുൾപ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്സി പിടികൊടുത്തില്ല. ഒടുവിൽ സാഹസികമായാണ് സിപ്സിയെ പോലീസ് പിടികൂടിയത്. സംഭവത്തിൽ സാരമായി പരിക്കേറ്റ സ്കൂട്ടർ യാത്രികയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിനിടെ, പോലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്സി അവിടെയും പരാക്രമം തുടർന്നു.

പോലീസ് സ്റ്റേഷനിൽവെച്ച് ഇവർ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവിൽ വനിതാ പോലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്. അങ്കമാലി പ്രിൻസിപ്പൽ എസ്.ഐ. ടി.എം. സൂഫി, എ.എസ്.ഐ. രാജൻ, സി.പി.ഒ. രാജൻ, ഡബ്യൂ.സി.പി.ഒ. ശ്രീജ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

അറസ്റ്റിലായ സിപ്സി നേരത്തെ മോഷണക്കേസുകളിലും കഞ്ചാവ് കേസുകളിലും ഉൾപ്പെട്ടയാളാണെന്ന് പോലീസ് പറഞ്ഞു. പോലീസിന്റെ ഗുണ്ടാപട്ടികയിലും ഇവരുടെ പേരുണ്ട്. ഭർത്താവ് ഉപേക്ഷിച്ചുപോയതിനാൽ ഇരുപതുകാരനായ മറ്റൊരു ക്രിമിനൽ കേസ് പ്രതിയോടൊപ്പമായിരുന്നു സിപ്സിയുടെ താമസം. പല കേസുകളിലും പോലീസ് പിടികൂടാനെത്തുമ്പോൾ പരാക്രമം കാണിച്ച് രക്ഷപ്പെടുന്നതും സിപ്സിയുടെ പതിവാണ്.

നേരത്തെ പോലീസിന് നേരേ അസഭ്യം പറഞ്ഞ് മനുഷ്യവിസർജ്യം എറിഞ്ഞ സംഭവവും ആത്മഹത്യാഭീഷണി മുഴക്കിയ സംഭവവും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച സിപ്സിക്കൊപ്പം മറ്റൊരു സ്ത്രീ കൂടെ ഉണ്ടായിരുന്നതായി വിവരമുണ്ട്. പോലീസെത്തിയതോടെ ഇവർ മുങ്ങിയെന്നാണ് സൂചന. ഇവരെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.

Content Highlights:woman criminal sipsy arrested in angamaly