ചാരുംമൂട്: ആലപ്പുഴ നൂറനാട് പോലീസ് സ്റ്റേഷനിലെ സീനിയർ വനിതാ പോലീസ് ഉദ്യോഗസ്ഥയെ സ്റ്റേഷനു മുന്നിൽ സ്ത്രീ മർദിച്ചു. കൊല്ലം പാവുമ്പ മണപ്പള്ളി സ്വദേശിനി പി.രജനി (33) ക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-നാണ് സംഭവം. രജനിയെ നൂറനാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോലി സ്ഥലത്ത് പോലീസ് ഉദ്യോഗസ്ഥയെ മർദിച്ചതിന് കുടശ്ശനാട് സ്വദേശി ഐശ്വര്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കുടശ്ശനാട് സ്വദേശികളായ ധന്യ, ബിന്ധ്യ, ഐശ്വര്യ എന്നിവർ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന്‌ വായ്പ എടുത്തിരുന്നു. വായ്പത്തിരിച്ചടവ് തവണകൾ മുടങ്ങിയതിനെത്തുടർന്ന് സ്ഥാപനത്തിന്റെ കളക്ഷൻ ഏജന്റുമാരായ റോസി, ഗിരിജാദേവി എന്നിവർ നൂറനാട് പോലീസ്‌ സ്റ്റേഷനിൽ പരാതി നൽകി. ഇതേത്തുടർന്ന് മൂന്നുപേരെയും സ്റ്റേഷനിൽ വിളിച്ചു വരുത്തി.

പുറത്തുനിന്ന്‌ സിവിൽ വേഷത്തിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥ രജനിയെ സ്റ്റേഷൻ മുറ്റത്തുവച്ച് ഐശ്വര്യ മർദിക്കുകയായിരുന്നു. ‘നിങ്ങൾ മൂന്നുപേരും എത്തിയോ’ എന്ന്‌ രജനി ചോദിച്ചതിനെത്തുടർന്നായിരുന്നുവത്രേ മർദനം. ബോധക്ഷയമുണ്ടായ രജനിയെ സഹപ്രവർത്തകർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഐശ്വര്യയെയും ബോധക്ഷയം ഉണ്ടായതിനെത്തുടർന്ന് ആശുപത്രിയിലാക്കി. സാക്ഷിമൊഴികളുടെയും നിരീക്ഷണ ക്യാമറാദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വി.ബിജു പറഞ്ഞു.

Content Highlights: woman cop beaten by an woman infront of police station