കൊച്ചി: മോണ്‍സന്‍ മാവുങ്കല്‍ നഗ്നചിത്രം കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി പരാതിക്കാരി. താന്‍ പോലീസിന് നല്‍കിയ മൊഴിയും വൈദ്യപരിശോധനയ്ക്ക് പോകുന്നതുമെല്ലാം മോണ്‍സന്‍ അറിഞ്ഞിരുന്നതായും തന്നെയും സഹോദരനെയും ഹണിട്രാപ്പ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും യുവതി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. 

''ഫെബ്രുവരിയിലാണ് ആദ്യം പരാതി നല്‍കുന്നത്. ചേര്‍ത്തല സ്വദേശി ശരത് സുന്ദരേശന്‍, മോണ്‍സന്‍ മാവുങ്കല്‍ എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. മോണ്‍സനെതിരായ പരാതി ആദ്യം സ്വീകരിച്ചില്ല. ചേര്‍ത്തല ശരത് ഹോം ഫര്‍ണീഷിങ് സ്ഥാപനത്തിന്റെ ഉടമയുടെ മകനാണ് ശരത് സുന്ദരേശന്‍. ഇയാള്‍ വിവാഹവാഗ്ദാനം നല്‍കി വഞ്ചിക്കുകയായിരുന്നു. എന്നെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്ന് എന്നെയും കുടുംബത്തെയും വിശ്വസിപ്പിച്ചു. എന്നാല്‍ അയാള്‍ പറ്റിക്കുകയായിരുന്നു. പിന്നീട് അന്വേഷിച്ചപ്പോഴാണ് പല പെണ്‍കുട്ടികളും ഇയാളുടെ ചതിയില്‍പ്പെട്ടതായി മനസിലാക്കിയത്. എല്ലാവരെയും ഇതുപോലെ വിശ്വസിപ്പിച്ച് ഇട്ടിട്ടുപോവുകയായിരുന്നു. 

പിന്നീട് അയാള്‍ എന്നെ ബ്ലാക്ക്‌മെയില്‍ ചെയ്തു. തന്റെ ചില സ്വകാര്യചിത്രങ്ങള്‍ കൈവശമുണ്ടായിരുന്നു. അത് മോണ്‍സന് നല്‍കി. അയാളും ഭീഷണിപ്പെടുത്തി. കേസ് പിന്‍വലിക്കണം എന്നായിരുന്നു ആവശ്യം. സഹോദരനെയും മാതാവിനെയുമാണ് മോണ്‍സന്‍ ഫോണിലൂടെ ബന്ധപ്പെട്ടത്. 

പോലീസ് ഈ വിഷയത്തില്‍ പരാതി സ്വീകരിച്ചെങ്കിലും നടപടിയുണ്ടായില്ല. മോണ്‍സന്‍ പിന്നീട് വീട്ടിലേക്ക് ഗുണ്ടകളെ വിട്ടു. ഇതിനെതിരേ പരാതി നല്‍കാന്‍ പോയപ്പോള്‍ ഗുണ്ടകള്‍ നിങ്ങളെ ഒന്നും ചെയ്തിട്ടില്ലല്ലോ എന്നായിരുന്നു പോലീസുകാരുടെ മറുപടി. ഒന്നും ചെയ്തില്ലല്ലോ, നിങ്ങള്‍ക്ക് വേദനയുണ്ടായില്ലല്ലോ എന്നൊക്കെ പറഞ്ഞു. പിന്നീട് ഉയര്‍ന്ന ഉദ്യോഗസ്ഥരെ കണ്ടാണ് പരാതി നല്‍കിയത്. കേസില്‍ അവര്‍ക്ക് ജാമ്യം കിട്ടി. 

കേസുമായി ബന്ധപ്പെട്ട് താന്‍ പോലീസിന് നല്‍കിയ മൊഴികളെല്ലാം മോണ്‍സന്‍ അറിഞ്ഞിരുന്നു. വൈദ്യപരിശോധനയ്ക്ക് പോകുന്നതടക്കമുള്ള വിവരങ്ങളും അയാള്‍ കൃത്യമായി മനസിലാക്കി. കേസ് പിന്‍വലിക്കാനായി സഹോദരനെ വീണ്ടും വിളിച്ചു. സഹോദരന്‍ ഒഴിഞ്ഞുമാറിയപ്പോള്‍ സഹോദരന്റെ സുഹൃത്തിനെ അയാള്‍ വിളിച്ചുവരുത്തി. കേസില്‍നിന്ന് പിന്മാറിയില്ലെങ്കില്‍ തന്റെ സ്വകാര്യചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും ഹണിട്രാപ്പ് കേസില്‍ പെടുത്തുമെന്നുമായിരുന്നു ഭീഷണി. പത്ത് ലക്ഷം രൂപ നല്‍കാമെന്നും കേസ് പിന്‍വലിക്കണമെന്നും കേസില്‍നിന്ന് പിന്മാറുന്നതാണ് നല്ലതെന്നും പറഞ്ഞു. 

മോണ്‍സന്‍ ശരത്തിന്റെ കുടുംബസുഹൃത്താണെന്നാണ് പറഞ്ഞിട്ടുള്ളത്. ശരത്തിന്റെ കുടുംബാംഗത്തെപ്പോലെയായിരുന്നു അയാള്‍. ആ വീട്ടിലെ എല്ലാ പരിപാടികള്‍ക്കും മോണ്‍സന്‍ വന്നിരുന്നു. ശരത്തിന് വില കൂടിയ സമ്മാനങ്ങള്‍ മോണ്‍സന്‍ നല്‍കിയിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തി. 

Content Highlights: woman complainant tells about monson mavunkal influence and threat