കളമശ്ശേരി(എറണാകുളം): ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി ആശുപത്രിയില്‍ മരിച്ചു. കളമശ്ശേരി മൂലേപ്പാടം കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ അബ്ദുള്‍ അസീസിന്റെയും സുഹ്‌റയുടെയും മകള്‍ സുനിത (27) യാണ് കാക്കനാട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന സുനിത ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് മരിച്ചത്. മക്കള്‍: ഐഷ മെഹ്നാസ്, ഹെസ ഫാത്തിമ. 

പതിമൂന്നാം തീയതി ഭര്‍തൃവീട്ടില്‍ നടന്ന വഴക്കിനെ തുടര്‍ന്ന് അസീസിനും ഭാര്യക്കുമൊപ്പം സുനിത കളമശ്ശേരിയിലെ വീട്ടിലേക്ക് വന്നിരുന്നു. 14-ന്  ഉച്ചയ്ക്ക് രണ്ടു മണിക്ക് സ്വന്തം വീട്ടില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ച സുനിതയെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. കുഞ്ഞിനെ ഉറക്കാന്‍  ഒന്നാംനിലയിലേക്ക് പോയ സുനിത  ഫാനില്‍ ഷാള്‍ കെട്ടി തൂങ്ങുകയായിരുന്നു. 

സുനിതയുടെ മാതാവ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കുഞ്ഞിന്റെ  കരച്ചില്‍ കേട്ട് വാതിലില്‍ മുട്ടിവിളിച്ചെങ്കിലും തുറന്നില്ല. അസീസും ബന്ധുകളും ചേര്‍ന്ന് വാതില്‍ ചവിട്ടി തുറന്നാണ് സുനിതയെ ആശുപത്രിയിലെത്തിച്ചത്. സുനിതയുടെ മൂത്ത മകള്‍ക്ക് മൂന്നു വയസ്സാണ്. രണ്ടാമത്തെതും പെണ്‍കുഞ്ഞ് ആയതും ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ലെന്ന് വഴക്കിനിടെ പറയാറുണ്ടായിരുന്നതായും സുനിതയുടെ വീട്ടുകാര്‍ പറഞ്ഞു.

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനത്തെ തുടന്നാണ് സുനിത ആത്മഹത്യക്ക് ശ്രമിച്ചതെന്നു കാണിച്ച് അബ്ദുല്‍ അസീസ് കളമശ്ശേരി പോലീസില്‍  17ന് പരാതി നല്‍കിയിരുന്നു. 2014-ലാണ് സുനിതയെ ആലുവ യു.സി. കോളേജിനു സമീപം കണിയാംകുന്നില്‍ അറഫ വില്ലയില്‍  സി.എ. അരുണ്‍ വിവാഹം ചെയ്തത്. ഖബറടക്കം വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഞാലകം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.