പാറശ്ശാല: പലിശക്കടം മൂലം വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വീട്ടമ്മയുടെ ഭര്‍തൃസഹോദരനെ രണ്ടാം ദിനവും കണ്ടെത്താനായില്ല. മരണപ്പെട്ട നിലയില്‍ കണ്ടെത്തിയ സരസ്വതിയുടെ മൃതദേഹത്തില്‍ നിന്ന് ലഭിച്ച കുറിപ്പിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രദേശത്തെ കിണറുകളും കുളങ്ങളും വറ്റിച്ച് പരിശോധന നടത്തിയെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല. വെള്ളിയാഴ്ച രാവിലെ മുതലാണ് സരസ്വതിയെയും ഭര്‍തൃസഹോദരനായ നാഗേന്ദ്രനെയും കാണാതാകുന്നത്.
നാട്ടുകാര്‍ നടത്തിയ പരിശോധനയില്‍ സമീപത്തെ കുളത്തിന്റെ കരയില്‍ സരസ്വതിയുടെ ചെരിപ്പ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സരസ്വതിയുടെ മൃതദേഹം കുളത്തില്‍ നിന്ന് ലഭിച്ചിരുന്നു. മൃതദേഹത്തില്‍ നിന്ന് ലഭിച്ച കുറിപ്പില്‍ മറ്റാര്‍ക്കും സംരക്ഷിക്കാന്‍ സാധിക്കാത്തതിനാല്‍ താന്‍ നാഗേന്ദ്രനെയും കൊണ്ടുപോകുന്നതായി എഴുതിയിട്ടുള്ളതിനാല്‍ നാഗേന്ദ്രനായി പോലീസ് കുളത്തില്‍ വീണ്ടും പരിശോധന നടത്തി.
ഫയര്‍ഫോഴ്സിന് പുറമെ സ്‌കൂബാ സംഘവും നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് കുളത്തിന്റെ ബണ്ട് തകര്‍ത്ത് പരിശോധന നടത്തിയിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി പരിശോധന അവസാനിപ്പിച്ചു. ശനിയാഴ്ച രാവിലെ മോട്ടോര്‍ ഉപയോഗിച്ച് കുളത്തിലെ വെള്ളം പൂര്‍ണമായും വറ്റിച്ച് പോലീസ് പരിശോധന നടത്തി. ഇത് കൂടാതെ പ്രദേശവാസികളുടെ ആവശ്യത്തെ തുടര്‍ന്ന് പോലീസ് സമീപത്തെ മൂന്നോളം കിണറുകള്‍ വറ്റിച്ചും പരിശോധന നടത്തി. ശനിയാഴ്ച വൈകീട്ട് വരെ പരിശോധന നീണ്ടെങ്കിലും നാഗേന്ദ്രനെ കണ്ടെത്തുവാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വൈകീട്ട് പോലീസ് പരിശോധന അവസാനിപ്പിച്ചു.
സംഭവത്തില്‍ പാറശ്ശാല പോലീസ് നാഗേന്ദ്രനെ കാണാനില്ലായെന്ന നിലയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബധിരനും മൂകനുമായതിനാല്‍ നാഗേന്ദ്രന് സ്വയം മറ്റെവിടേക്കെങ്കിലും പോകാന്‍ സാധിക്കില്ലായെന്നാണ് നാട്ടുകാര്‍ പറയുന്നത്. പോലീസും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും നാഗേന്ദ്രനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. സരസ്വതിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ശനിയാഴ്ച വൈകീട്ട് സംസ്‌കരിച്ചു. നാഗേന്ദ്രന്റെ തിരോധാനത്തില്‍ ദുരൂഹതയുള്ളതായി പ്രദേശവാസികള്‍ ആരോപിക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman commits suicide police searching is going on to find her brother in law