വെമ്പായം(തിരുവനന്തപുരം): യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റു ചെയ്തു. വട്ടപ്പാറ പ്രശാന്ത് നഗറില്‍ ആര്യാഭവനില്‍ ആര്യാദേവനെ(23) വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭര്‍ത്താവായ തിരുവല്ലം പാച്ചല്ലൂര്‍ കുമിളി ലെയ്നില്‍ വത്സലാഭവനില്‍ പ്രദീപ് (രാജേഷ് കുമാര്‍-32) നെ പോലീസ് അറസ്റ്റു ചെയ്തത്.

ആര്യയെ വിവാഹം കഴിക്കുമ്പോള്‍ രാജേഷിന് മറ്റൊരു ഭാര്യയും മക്കളുമുണ്ടായിരുന്നു. ആര്യയെ വിവാഹം കഴിച്ചതിനു ശേഷം ഭര്‍ത്താവിന്റെ ആദ്യഭാര്യയുടെ പേരില്‍ ഇരുവരും നിത്യവും വഴക്കായിരുന്നു. കുറച്ചുനാളായി ആര്യയും ഇരട്ടകളായ മക്കളും അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നത്. മൂന്ന് ആഴ്ച മുമ്പ് രാത്രിയില്‍ രാജേഷ് ആര്യയുടെ വീട്ടിലെത്തി ബഹളം വെച്ചിരുന്നു. നിരന്തരം ഫോണില്‍കൂടി പണം ചോദിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ബുധനാഴ്ച രാത്രി 11 മണിയോടെ ആര്യയുടെ കുട്ടികളുടെ കരച്ചില്‍ കേട്ട് അമ്മയും സഹോദരിയും വാതിലില്‍ തട്ടിവിളിച്ചിട്ടും തുറന്നില്ല. വാതില്‍ ചവിട്ടിപ്പൊളിച്ച് നോക്കുമ്പോഴാണ് അവശനിലയില്‍ ആര്യയെ കാണുന്നത്. ഉടന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. 

ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം, മറ്റൊരു സ്ത്രീയുമായി നിയമപരമായി ബന്ധം നില്‍ക്കുമ്പോള്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് രാജേഷിനെ അറസ്റ്റു ചെയ്തത്. മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് ഇയാളെ അറസ്റ്റു ചെയ്തത്. 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 

Content Highlights: woman commits suicide in vembayam trivandrum, husband arrested