വർക്കല: പുന്നമൂട്ടിലെ ലോഡ്ജ് മുറിയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, ഒപ്പം താമസിച്ചിരുന്നയാളെ അറസ്റ്റുചെയ്തു. കൊല്ലം കല്ലുവാതുക്കൽ കാരംകോട് ഏറംതെക്ക് ചരുവിള പുത്തൻവീട്ടിൽ സിജി(31)യെയാണ് 12-ന് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഇടവ ശ്രീയേറ്റ് നസീം മൻസിലിൽ നസീ(32)മാണ് അറസ്റ്റിലായത്.

വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ സിജി, 2018-ലാണ് നസീമുമായി പരിചയത്തിലായത്. തുടർന്ന് വീടുപേക്ഷിച്ച് ഇയാൾക്കൊപ്പം പോയി. വർക്കല പുന്നമൂട് ബിജീസ് ടവർ ലോഡ്ജിലെ 305-ാം നമ്പർ മുറിയിലാണ് ഇരുവരും താമസിച്ചുവന്നത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ നസീം അവിവാഹിതനാണെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് സിജിക്കൊപ്പം കഴിഞ്ഞതെന്ന് പോലീസ് പറഞ്ഞു. നസീം വിവാഹിതനാണെന്നറിഞ്ഞതോടെ സിജി ഇയാളുമായി പിണങ്ങി. ഇതോടെ നസീം ലോഡ്ജിൽ വരാതായി. സിജി മരിക്കുന്നതിന് ഒരാഴ്ച മുൻപ് നസീം ലോഡ്ജ് മുറിയിലെത്തി സിജിയുമായി വഴക്കുണ്ടാക്കിയിരുന്നു.

12-ന് ലോഡ്ജ് മുറിയിൽനിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് സിജിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ലോഡ്ജ് മുറിയുടെ ചുവരിലും ഡയറിയിലും തന്റെ മരണത്തിന്റെ ഉത്തരവാദി നസീമാണെന്ന് എഴുതിവച്ചിരുന്നു.

കായംകുളത്തുനിന്നാണ് ഇയാളെ കണ്ടെത്തിയത്. ആറ്റിങ്ങൽ ഡിവൈ.എസ്.പി. എസ്.വൈ.സുരേഷിന്റെ നേതൃത്വത്തിൽ വർക്കല ഇൻസ്പെക്ടർ ജി.ഗോപകുമാർ, സബ് ഇൻസ്പെക്ടർ അജിത് കുമാർ, എസ്.ഐ. ഷംസുദീൻ, എ.എസ്.ഐ. നവാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമപ്രകാരവും ആത്മഹത്യാപ്രേരണ കുറ്റവും ചുമത്തിയ പ്രതിയെ റിമാൻഡ് ചെയ്തു.

 

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights:woman commits suicide in varkkala live in partner arrested