അഹമ്മദാബാദ്: ദിവസങ്ങള്‍ക്ക് മുമ്പ് അഹമ്മദാബാദില്‍ ജീവനൊടുക്കിയ 39-കാരിയുടെ ആത്മഹത്യാക്കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങളെന്ന് റിപ്പോര്‍ട്ട്. പോലീസ് കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്താവായ ഡോക്ടര്‍ക്കെതിരേയും ഭര്‍തൃവീട്ടുകാര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നതെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതിന് പിന്നാലെ ഡോക്ടര്‍ക്കെതിരേയും ഇയാളുടെ മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അഹമ്മദാബാദ് ഗട്ട്‌ലോഡിയയിലെ ഭര്‍തൃവീട്ടില്‍ 39-കാരിയായ യുവതിയെ വിഷം കഴിച്ച് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനുപിന്നാലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് 18 പേജുള്ള ആത്മഹത്യാക്കുറിപ്പും പോലീസ് കണ്ടെടുത്തത്. ഭര്‍ത്താവായ ഡോക്ടര്‍ക്കെതിരേയും ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്കെതിരേയും ആത്മഹത്യാക്കുറിപ്പില്‍ ഗുരുതരമായ ആരോപണങ്ങളാണ് യുവതി ഉന്നയിരിച്ചിരുന്നത്.
2020 ഓഗസ്റ്റിലാണ് ഡോക്ടറും യുവതിയും തമ്മില്‍ വിവാഹിതരായത്. വൈവാഹിക വെബ്‌സൈറ്റ് വഴി പരിചയപ്പെട്ടതിന് ശേഷമായിരുന്നു വിവാഹം. എന്നാല്‍ വിവാഹത്തിന് പിന്നാലെ ഭര്‍തൃവീട്ടില്‍നിന്ന് സ്ത്രീധനത്തിന്റെ പേരില്‍ നിരന്തരം പീഡിപ്പിച്ചിരുന്നതായി ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. ഭര്‍ത്താവിന്റെ മാതാപിതാക്കളാണ് ആദ്യനാളുകളില്‍ ഉപദ്രവിച്ചിരുന്നത്. ഇക്കാര്യം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍ അദ്ദേഹവും മര്‍ദിച്ചു. ഇതിനൊപ്പമാണ് ഭര്‍ത്താവിന്റെ ലൈംഗികപീഡനത്തെക്കുറിച്ചും കുറിപ്പില്‍ വിവരിച്ചിരിക്കുന്നത്.
ഡോക്ടറായ ഭര്‍ത്താവ് പതിവായി ഒരു മരുന്ന് കഴിക്കാന്‍ തന്നിരുന്നുവെന്നും ഇത് കഴിച്ച് അര്‍ധബോധാവസ്ഥയിലാകുന്ന തന്നെ ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയെന്നുമാണ് ആരോപണം. മയക്കുമരുന്ന് നല്‍കിയതിന് ശേഷം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
അതേസമയം, കഴിഞ്ഞ ഡിസംബറില്‍ മരുമകന്‍ തന്റെ മകളെ ഉപേക്ഷിച്ചതായും അന്നുമുതല്‍ സ്വന്തം വീട്ടിലാണ് മകള്‍ താമസിച്ചിരുന്നതെന്നും ജീവനൊടുക്കിയ യുവതിയുടെ പിതാവ് പ്രതികരിച്ചു. ' കഴിഞ്ഞ ചൊവ്വാഴ്ചയാണ് അവള്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയത്. അവിടെവെച്ച് അവള്‍ ആ കടുംകൈ ചെയ്യുകയായിരുന്നു'- അദ്ദേഹം പറഞ്ഞു.
യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതോടെ ഭര്‍ത്താവായ ഡോക്ടര്‍ക്കെതിരേയും ഇയാളുടെ മാതാപിതാക്കള്‍, സഹോദരി എന്നിവര്‍ക്കെതിരേയും പോലീസ് കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റത്തിനൊപ്പം മറ്റുവകുപ്പുകളും ചേര്‍ത്താണ് പോലീസ് കേസെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlights: woman commits suicide in ahammedabad allegation against her doctor husband