സേലം: പണമരത്തുപട്ടിക്കടുത്ത് മൂന്നുവയസ്സുള്ള മകനെ കൊന്നതിനുശേഷം അമ്മ ആത്മഹത്യചെയ്തു. കമ്മാളപട്ടി വടക്കാട്ടിലെ മുത്തുകുമാറിന്റെ മലയാളിയായ ഭാര്യ സ്റ്റെഫിയ (24) ആണ് മരിച്ചത്.

കൂലിത്തൊഴിലാളിയായ മുത്തുകുമാര്‍ അഞ്ചുവര്‍ഷം മുമ്പ് കേരളത്തില്‍ ജോലിക്കുപോയപ്പോള്‍ സ്റ്റെഫിയയെ സ്‌നേഹിച്ച് വിവാഹം കഴിച്ചിരുന്നു. ഇവര്‍ക്ക് അനിത് (3) എന്ന മകനുണ്ട്. മുത്തുകുമാറിന്റെ അനുജന്‍ ജയ്കുമാര്‍ (10) ഇവരുടെ കൂടെയായിരുന്നു താമസം. മുത്തുകുമാറും സ്റ്റെഫിയയും ജോലിക്ക് പോകുമ്പോള്‍ ജയ്കുമാറായിരുന്നു അനിതിനെ നോക്കിയിരുന്നത്. എന്നാല്‍, സ്റ്റെഫിയക്ക് ജയ്കുമാറിനെ ഇഷ്ടമില്ലാതിരുന്നതിനാല്‍ മുത്തുകുമാറുമായി ഇതേച്ചൊല്ലി അടിക്കടി വഴക്കുണ്ടാകുമായിരുന്നു.

വ്യാഴാഴ്ച രാത്രിയിലും ഇരുവരും വഴക്കുണ്ടാക്കിയപ്പോള്‍ മുത്തുകുമാര്‍ സ്റ്റെഫിയെ അടിച്ചു. പുറത്തുപോയി മടങ്ങിവന്ന മുത്തുകുമാര്‍ വീട്ടില്‍ സ്റ്റെഫിയയും അനിതും മരിച്ചുകിടക്കുന്നത് കണ്ടു. പോലീസ് മൃതദേഹങ്ങള്‍ കൈപ്പറ്റി. മകന് വിഷംനല്‍കി കൊന്നതിനുശേഷം സ്റ്റെഫിയയും വിഷം കഴിച്ച് മരിച്ചതാണെന്നാണ് പണമരത്തുപ്പട്ടി പോലീസിന്റെ പ്രാഥമിക നിഗമനം.