ചെങ്ങന്നൂര്‍: 'ഞാന്‍ പോവാ. കുഞ്ഞിനെയും കൊണ്ടുപോവാ. ഇല്ലെങ്കില്‍ ഹരിപ്പാട്ടെ അച്ഛന്‍ ഏട്ടനെ ദ്രോഹിച്ചപോലെ എന്റെ കുഞ്ഞിനെയും ദ്രോഹിക്കും. എന്റെ വീട്ടുകാരെയും ദ്രോഹിക്കും...' അദിതിയെന്ന 24-കാരി ആത്മഹത്യ ചെയ്യുംമുന്‍പ് ഡയറിയില്‍ക്കുറിച്ച വരികളാണിത്. ഭര്‍ത്താവുമരിച്ച് രണ്ടുമാസം തികഞ്ഞ നവംബര്‍ എട്ടിനു രാത്രിയിലാണ് അഞ്ചുമാസം പ്രായമുള്ള മകന്‍ കല്‍ക്കിക്കു വിഷംനല്‍കിയശേഷം അദിതി ആത്മഹത്യചെയ്തത്.

ചെങ്ങന്നൂര്‍ ആലായിലെ സ്വന്തംവീട്ടിലാണ് ഇരുവരെയും വിഷം ഉള്ളില്‍ച്ചെന്നു മരിച്ചനിലയില്‍ കണ്ടത്. അദിതിയുടെ ബന്ധുക്കള്‍ പുറത്തുവിട്ട ആത്മഹത്യാക്കുറിപ്പില്‍ ഭര്‍ത്തൃപിതാവിന്റെ മാനസികപീഡനത്തെക്കുറിച്ചാണു സൂചിപ്പിക്കുന്നത്.

ഭര്‍ത്താവ് സൂര്യന്‍ ഡി.നമ്പൂതിരിയും അമ്മ ശ്രീദേവി അന്തര്‍ജനവും കോവിഡ്ചികിത്സയില്‍ കഴിയവേ സെപ്റ്റംബര്‍ എട്ടിനാണു മരിച്ചത്. അദിതിയുടെയും കുഞ്ഞിന്റെയും ആത്മഹത്യയില്‍ അസ്വഭാവികമരണത്തിനു കേസെടുത്തിരുന്നു. ഭര്‍ത്തൃപിതാവിന്റെ മാനസികപീഡനമാണ് എല്ലാത്തിനും കാരണമെന്ന് അദിതിയുടെ മാതാപിതാക്കള്‍ പോലീസില്‍നല്‍കിയ പരാതിയില്‍ പറയുന്നു.

ഭത്തൃവീട്ടില്‍നിന്ന് ഏല്‍ക്കേണ്ടിവന്ന ദുരിതങ്ങളെക്കുറിച്ചു മരിക്കുംമുന്‍പ് അദിതി തുറന്നുപറയുന്ന വീഡിയോയും ആത്മഹത്യാക്കുറിപ്പും കുടുംബം പുറത്തുവിട്ടു. കോവിഡ്ബാധിച്ച് ഭര്‍ത്താവും അമ്മയും മരിച്ചതു കൃത്യമായ ചികിത്സ നല്‍കാത്തതിനാലാണെന്നും ആരോപിക്കുന്നു. ഭര്‍ത്താവുമരിച്ചശേഷം തനിക്കു ജോലികിട്ടാനുള്ള സാധ്യത തകര്‍ത്തുവെന്നും ആത്മഹത്യാക്കുറിപ്പിലുണ്ട്.

വീഡിയോ കിട്ടിയത് ഫോണ്‍നോക്കിയപ്പോള്‍

അദിതിയുടെ ഫോണ്‍, ഡയറി എന്നിവ പോലീസിനെ ഏല്‍പ്പിച്ചിരുന്നു. ഡയറി തിരികെത്തന്നില്ല. ഫോണ്‍ പരിശോധിച്ചപ്പോഴാണ് വീഡിയോകിട്ടിയത്. ഇതടക്കമാണ് ചെങ്ങന്നൂര്‍ ഇന്‍സ്പെക്ടര്‍ക്ക് പരാതികൊടുത്തത്. - അശോക് കുമാര്‍, അദിതിയുടെ അമ്മാവന്‍

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056).

Content Highlights: Woman commits suicide after killing baby: Relatives alleges mental torture at husband's house