ശാസ്താംകോട്ട : രണ്ടു മക്കള്‍ക്ക് വിഷംകൊടുത്ത് അമ്മ ആത്മഹത്യചെയ്തു. ഒരു കുട്ടി ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. വിഷം കഴിച്ചു കിടക്കുന്ന ചിത്രം മൊബൈല്‍ ഫോണില്‍ പകര്‍ത്തി വിവരമുള്‍പ്പെടെ വിവിധ ഗ്രൂപ്പുകളിലേക്ക് അയയ്ക്കുകയും ചെയ്തു. ഇതോടെ സംഭവം പുറത്തറിഞ്ഞു. 

പോരുവഴി അമ്പലത്തുംഭാഗം മേലൂട്ട് കോളനിയില്‍ ശ്രീജിത്ത് ഭവനത്തില്‍ അനില്‍കുമാറിന്റെ ഭാര്യ ശ്രീജിത(31)യാണ് മരിച്ചത്. മക്കളായ അനുജിത്ത് (ഒന്‍പത്), അനുജിത (ആറ്) എന്നിവര്‍ക്ക് വിഷം നല്‍കിയശേഷമാണ് ശ്രീജിത വിഷം കഴിച്ച് മരിച്ചത്. കുട്ടികള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അനുജിതയുടെ നില ഗുരുതരമാണ്. അനുജിത്ത് അപകടനില തരണംചെയ്തു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഗുളിക രൂപത്തിലുള്ള എലിവിഷമാണ് മൂവരും കഴിച്ചത്. വിഷം കഴിച്ചു കിടക്കുന്ന ചിത്രം പകര്‍ത്തി മൊബൈല്‍ ഫോണിലൂടെ വിവരം സഹിതം സംഭവസമയത്തുതന്നെ വിവിധ ഗ്രൂപ്പുകളിലേക്ക് അയച്ചു. ഇത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി കൂടിയായ ഇവരുടെ പിതൃസഹോദരന്റെ മകന്‍ ഓടിയെത്തുകയായിരുന്നു. ഇയാളെത്തുമ്പോള്‍ എല്ലാവരും അതിയായി ഛര്‍ദ്ദിക്കുകയായിരുന്നു. സംശയം തോന്നിയതോടെ യുവാവും മറ്റു ബന്ധുക്കളും ചേര്‍ന്ന് ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഗുരുതരമായതിനാല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് രാത്രിയില്‍ത്തന്നെ മാറ്റി.

ബുധനാഴ്ച വൈകീട്ട് മൂന്നേ മുക്കാലോടെ ശ്രീജിത മരിച്ചു. സംഭവസമയം മുറിക്കുള്ളില്‍ ഇതൊന്നുമറിയാതെ അനില്‍കുമാര്‍ ഉറങ്ങുകയായിരുന്നെന്ന് പോലീസ് അറിയിച്ചു. കുടുംബവഴക്കും ഭര്‍ത്താവിന്റെ അമിതമദ്യപാനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ശൂരനാട് എസ്.എച്ച്.ഒ. കെ.ശ്യാം പറഞ്ഞു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: woman commits suicide after giving poison to kids in shasthamcotta kollam