പാലക്കാട്: പെരുവെമ്പ് ചോറക്കോട് റോഡരികില്‍ മുതലമട സ്വദേശിനിയായ ജാന്‍ബീവിയെ (40) കഴുത്തറത്തും വെട്ടിയും കൊലപ്പെടുത്തിയ കേസില്‍ പങ്കാളി അറസ്റ്റില്‍. പല്ലശ്ശന അണ്ണക്കോട് ബഷീര്‍ (അയ്യപ്പന്‍-46) ആണ് അറസ്റ്റിലായത്. സംഭവത്തിനുശേഷം ഗോവിന്ദാപുരംവഴി തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ കേസന്വേഷിക്കുന്ന പ്രത്യേക പോലീസ് സംഘം ചൊവ്വാഴ്ച തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ജില്ലാപോലീസ് മേധാവി ആര്‍. വിശ്വനാഥ് പറഞ്ഞു.

തമിഴ്‌നാട് മധുര ദിണ്ടിക്കല്‍ സ്വദേശിയായ ഇയാള്‍ 10 വര്‍ഷത്തോളമായി പല്ലശ്ശനയിലാണ് താമസമെന്നും പോലീസ് പറഞ്ഞു.

ശനിയാഴ്ച രാവിലെയാണ് ജാന്‍ബീവിയെ ചോറക്കോട് റോഡരികില്‍ കഴുത്തറത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ ഇതുവഴി നടക്കാന്‍പോയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. തലേന്ന് രാത്രി അയ്യപ്പനും ജാന്‍ബീവിയും തമ്മില്‍ വഴക്ക് നടന്നിരുന്നു. ഇതിനിടെയാണ് ഇയാള്‍ ജാന്‍ബീവിയെ മരംവെട്ടാനുപയോഗിക്കുന്ന മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് വെട്ടിയും കഴുത്തറുത്തും കൊലപ്പെടുത്തിയത്.

ജാന്‍ബീവിയുടെ പെരുമാറ്റത്തിലുള്ള സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് ബഷീര്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. സംഭവദിവസം രാത്രി ജാന്‍ബീവി ബൈക്കിലെത്തിയ ഒരാളുമായി സംസാരിച്ചുനില്‍ക്കുന്നത് അയ്യപ്പന്‍ കണ്ടിരുന്നു. തുടര്‍ന്നായിരുന്നു വഴക്കും കൊലപാതകവും നടന്നത്. സംഭവത്തിനുമുമ്പ് ഇരുവരും മദ്യപിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.

വീട്ടുവളപ്പുകളില്‍നിന്ന് പാഴ്മരങ്ങള്‍ മുറിച്ച് വില്‍പ്പന നടത്തി വന്നിരുന്ന ഇരുവരും വര്‍ഷങ്ങളായി ഒരുമിച്ച് താമസിച്ചുവരികയായിരുന്നു. ഭാര്യമരിച്ച ബഷീറിന് രണ്ട് മക്കളുണ്ട്. ജാന്‍ബീവിക്ക് ആദ്യഭര്‍ത്താവില്‍ ഒരു കുട്ടിയുമുണ്ട്. മറ്റ് പുരുഷന്‍മാരുമായുള്ള ഇടപെടലുകളുടെ പേരില്‍ ബഷീര്‍ ജാന്‍ബീവിയെ സംശയിച്ചിരുന്നെന്നും ഇരുവരും തമ്മില്‍ പലപ്പോഴും വഴക്കുണ്ടായിട്ടുണ്ടെന്നും ഇവരുടെ ബന്ധു പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്.

കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്ക് കടന്ന ഇയാളെ പിടികൂടുന്നതിന് നാല് ഇന്‍സ്‌പെക്ടര്‍മാരുടെ കീഴില്‍ പ്രത്യേകസംഘങ്ങള്‍ രൂപവത്കരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. പ്രതിയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായി ബന്ധപ്പെട്ട് നടത്തിയ തിരച്ചിലിനൊടുവിലാണ് ബഷീര്‍ പിടിയിലായത്.

ആലത്തൂര്‍ ഡിവൈ.എസ്.പി. കെ.എം. ദേവസ്യയുടെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍മാരായ എ. ആദംഖാന്‍ (പുതുനഗരം), ജെ. മാത്യു (മീനാക്ഷിപുരം), എം. ശശിധരന്‍ (കൊഴിഞ്ഞാമ്പാറ), ഷിജു ടി.എബ്രാഹം (ടൗണ്‍ സൗത്ത്) എന്നീ ഇന്‍സ്‌പെക്ടര്‍മാരുടെ കീഴിലുള്ള സംഘമാണ് കേസന്വേഷിച്ചത്. എസ്.പി.യുടെ സ്‌ക്വാഡ് അംഗങ്ങളും അന്വേഷണത്തില്‍ പങ്കെടുത്തു.