കൊച്ചി: നഗരത്തിൽ യുവതിയെ ഫ്ളാറ്റിൽ പൂട്ടിയിട്ട് അതിക്രൂരമായി പീഡിപ്പിച്ചു. കണ്ണൂർ സ്വദേശിയായ യുവതിയാണ് അതിക്രൂര മർദനത്തിനും പീഡനത്തിനും ഇരയായത്. സംഭവത്തിൽ പോലീസിൽ പരാതി നൽകിയിട്ടും പ്രതിയായ മാർട്ടിൻ ജോസഫ് പുലിക്കോട്ടിലിനെ പിടികൂടാതെ പോലീസ് ഒളിച്ചുകളിക്കുകയാണെന്നാണ് യുവതിയുടെ ആരോപണം.

കഴിഞ്ഞ ലോക്ഡൗണിൽ കൊച്ചിയിൽ കുടുങ്ങിപ്പോയതോടെയാണ് യുവതി നേരത്തെ പരിചയമുണ്ടായിരുന്ന മാർട്ടിൻ ജോസഫിനൊപ്പം നഗരത്തിലെ ഫ്ളാറ്റിൽ താമസം ആരംഭിച്ചത്. ഒരു വർഷത്തോളം ഇരുവരും ഒരുമിച്ചായിരുന്നു താമസം. എന്നാൽ കഴിഞ്ഞ ഫെബ്രുവരി മുതൽ മാർട്ടിൻ നിരന്തരം ഉപദ്രവിച്ചിരുന്നതായാണ് യുവതിയുടെ പരാതി. ഫ്ളാറ്റിൽനിന്ന് പോകാൻ ശ്രമിച്ചെങ്കിലും ഇത് മാർട്ടിനെ കൂടുതൽ പ്രകോപിപ്പിച്ചു. തുടർന്ന് ദിവസങ്ങളോളം മുറിയിൽ പൂട്ടിയിട്ട് ക്രൂരമായി മർദിക്കുകയായിരുന്നു.

മർദനത്തിന് പുറമേ അതിക്രൂരമായ ലൈംഗികാതിക്രമത്തിനും യുവതി ഇരയായി. ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തു. ഏകദേശം 15 ദിവസത്തോളം ക്രൂരമായ പീഡനമേറ്റാണ് യുവതി ഫ്ളാറ്റിൽ കഴിഞ്ഞത്. ഇതിനിടെ, യുവതിയുടെ നഗ്നവീഡിയോയും പ്രതി ചിത്രീകരിച്ചിരുന്നു.

ഒടുവിൽ ഫെബ്രുവരി അവസാനത്തോടെയാണ് യുവതി ഒരുവിധത്തിൽ ഫ്ളാറ്റിൽനിന്ന് രക്ഷപ്പെട്ടത്. ഉടൻതന്നെ എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ മാർട്ടിനെതിരേ പരാതി നൽകി. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോലീസ് കേസെടുക്കുകയും ചെയ്തു. എന്നാൽ കേസെടുത്ത് രണ്ട് മാസം കഴിഞ്ഞിട്ടും പോലീസ് ഇതുവരെ പ്രതിയെ പിടികൂടിയിട്ടില്ല.

പ്രതിക്കായി തൃശ്ശൂർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ഇയാൾ ഒളിവിൽ പോയിരിക്കുകയാണെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ പ്രതിയായ മാർട്ടിൻ ജോസഫ് ഇതിനിടെ മുൻകൂർ ജാമ്യം തേടി സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഈ ജാമ്യാപേക്ഷ കോടതി തള്ളി. തുടർന്ന് ഇയാൾ ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചു. ഇത് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നാണ് പോലീസ് പറയുന്നത്. ഒരു സ്ത്രീക്ക് നേരേ നടന്ന ക്രൂരമായ അതിക്രമത്തിൽ പോലീസിന്റെ ഈ ഒളിച്ചുകളിയാണ് ഏവരെയും ഞെട്ടിക്കുന്നത്. കേസെടുത്ത് ഇത്രയും ദിവസമായിട്ടും പ്രതിയെ പിടികൂടാൻ കഴിയാത്തതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്.

Content Highlights:woman brutally attacked and raped in kochi police still not arrest the accused