കൊച്ചി: യുവതിയെ ഫ്‌ലാറ്റില്‍ തടങ്കലില്‍വെച്ച് ലൈംഗികമായും ശാരീരികമായും ക്രൂരമായി പീഡിപ്പിച്ചത് 22 ദിവസം. എറണാകുളം മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റിലാണ് പീഡനം അരങ്ങേറിയത്. യുവതിയുടെ കൈയില്‍നിന്ന് അഞ്ചുലക്ഷം രൂപ പ്രതി തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തില്‍ പരാതി നല്‍കി രണ്ടുമാസം കഴിയുമ്പോഴും പ്രതിയെ പിടികൂടാന്‍ പോലീസിനായിട്ടില്ല.

ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് പീഡനം നടന്നത്. കണ്ണൂര്‍ സ്വദേശിനിയായ 27-കാരിയാണ് പീഡനത്തിനിരയായത്. എറണാകുളത്ത് ജോലിചെയ്യുമ്പോഴാണ് തൃശ്ശൂര്‍ സ്വദേശിയും പ്രതിയുമായ മാര്‍ട്ടിന്‍ ജോസഫു (33) മായി യുവതി പരിചയത്തിലാകുന്നത്.

പണം ഷെയര്‍മാര്‍ക്കറ്റിലിട്ട് ലാഭം കിട്ടിയ ശേഷം തിരികെ നല്‍കാമെന്ന് അറിയിച്ച് പ്രതി യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും വാങ്ങി. മാസം നാല്പതിനായിരം രൂപ വീതം തിരിച്ചു നല്‍കാമെന്നാണ് പറഞ്ഞിരുന്നത്, എന്നാല്‍ ഇതുണ്ടായില്ല.

പിന്നീട് പരിചയം മുതലാക്കി യുവതിയെ മറൈന്‍ഡ്രൈവിലെ ഫ്‌ലാറ്റിലെത്തിച്ച് മാര്‍ട്ടിന്‍ ലൈംഗികമായി പീഡിപ്പിച്ചു വരുകയായിരുന്നു. യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി. ഫ്‌ലാറ്റിനു പുറത്ത് പോകുകയോ പീഡന വിവരം പുറത്തു പറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കണ്ണില്‍ മുളകുവെള്ളം ഒഴിക്കുക, ചൂടുവെള്ളം ദേഹത്ത് ഒഴിക്കുക, മൂത്രം കുടിപ്പിക്കുക, ബെല്‍റ്റ് കൊണ്ടും ചൂലുകൊണ്ടും അടിക്കുക, മുഖത്ത് മര്‍ദിക്കുക എന്നിങ്ങനെയായിരുന്നു പീഡനം.

ഒടുവില്‍ മാര്‍ച്ച് എട്ടിന് മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാന്‍ പുറത്തുപോയപ്പോള്‍ യുവതി ഫ്‌ലാറ്റില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. വീഡിയോ പുറത്തു വിടുമെന്ന് അറിയിച്ച് പ്രതി നിരന്തരം ഫോണില്‍ ഭീഷണിപ്പെടുത്തിയതോടെ ഏപ്രില്‍ എട്ടിന് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. പ്രതിയുടെ ഉപദ്രവം ഭയന്ന് യുവതി ഒളിവില്‍ കഴിയുകയാണ്.

എറണാകുളം സെന്‍ട്രല്‍ പോലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ രക്ഷപ്പെട്ടു. കോവിഡും ലോക്ഡൗണ്‍ പ്രതിസന്ധിയും നിലനില്‍ക്കുന്നതിനാലാണ് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാനാകാത്തത് എന്നാണ് പോലീസ് പറയുന്നത്. അതേസമയം പ്രതി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Highlights: woman brutally attacked and raped in kochi accuse martin joseph pulikkotil still absconding