കൊല്ലം: ദുർമന്ത്രവാദിനി ഗീതാലാലിനെതിരേ അയൽവാസി പരാതി നൽകിയത് രണ്ടു വർഷം മുൻപ്‌. 2017 ജൂലായ്‌ 24-ന് കൊട്ടാരക്കര റൂറൽ വനിതാ സെല്ലിന് ലിന്റോഭവനത്തിൽ ലിൻസിയാണ് പരാതി നൽകിയത്.

ഗീതാലാലിന്റെ വീടിന്റെ തൊട്ടടുത്ത താമസക്കാരാണ് ലിൻസിയുടെ കുടുംബം. ലിൻസിയുടെ മകളുടെ മകന് ശ്വാസസംബന്ധമായ അസുഖമുണ്ട്. ഗീതാലാലിന്റെ വീട്ടിൽ നിന്ന് തലമുടിയും മുളകും കുരുമുളകുമൊക്കെയിട്ട് ഹോമം നടത്തുമ്പോൾ കുട്ടിക്ക്‌ ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടിരുന്നു.

നേരിട്ട് അഭ്യർഥിച്ചിട്ടും ഫലമില്ലാതെവന്നപ്പോഴാണ് പോലീസിൽ പരാതി നൽകിയത്. ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ലിൻസിക്കെതിരേ ഗീതാലാലും പരാതി നൽകി. ഇരുകൂട്ടരെയും വിളിപ്പിച്ച് പ്രശ്നം ഒത്തുതീർക്കുകയാണ് പോലീസ് ചെയ്തത്.

ലിൻസിയുടെ വീട് അൽപ്പം ഉയരത്തിലായതിനാൽ ഗീതാലാലിന്റെ വീട്ടിൽ നടക്കുന്ന കാര്യങ്ങളെല്ലാം കാണാം. അതിനാൽ ആ ഭാഗം ഉയരത്തിൽ തകര ഷീറ്റുകൊണ്ട് മറച്ചു.

തുഷാര കൊല്ലപ്പെടുന്ന ദിവസം രാവിലെ അമ്മയും മകനും ചേർന്ന് മർദിച്ചിരുന്നതായും തുഷാരയുടെ നിലവിളി കേട്ടിരുന്നതായും ലിൻസിയുടെ മകൾ ലീന വെളിപ്പെടുത്തി. ‘നീ ചത്താലേ ഈ വീടിനു ഗുണം പിടിക്കൂ എന്ന് ഗീതാലാൽ അലറുന്നുണ്ടായിരുന്നു’-കോളേജ് വിദ്യാർഥിനിയായ ലീന പറഞ്ഞു.

ഗീതാലാലിന്റെ വീട്ടിൽ ദുർമന്ത്രവാദത്തിനായി എത്തുന്നവരുടെ വാഹനങ്ങൾ വീടിനു മുന്നിൽ നിർത്തുന്നതിലും ലിൻസി പ്രതിഷേധിച്ചു. ഇക്കാര്യം വീടിന്റെ മതിലിൽ എഴുതിവെക്കുകയും ചെയ്തു.

ആശാ വർക്കറായ തങ്കമണി പ്രശ്നം ആരോഗ്യ വകുപ്പ് അധികൃതരെ അറിയിക്കുകയും അവർ അന്വേഷണത്തിന്‌ എത്തുകയും ചെയ്തു. എന്നാൽ, ഒരു പരാതിയുമില്ലെന്നായിരുന്നു തുഷാരയുടെ പ്രതികരണം. ഭയം കാരണം തുഷാര അടുത്ത ബന്ധുക്കളോടു പോലും പരാതി പറഞ്ഞിട്ടില്ല.

പരിസരത്ത് വേറെയും ധാരാളം വീടുകളുണ്ട്. അവിടെയുള്ള പലരും തുഷാരയെ കണ്ടിട്ടു പോലുമില്ലത്രെ. മരിച്ച വാർത്തയോടൊപ്പം നൽകിയ ചിത്രം കണ്ടാണ് പലരും ആളെ മനസ്സിലാക്കിയതെന്ന് അയൽവാസികളായ ലേഖയും സുരേഷും പറഞ്ഞു. അയൽപക്കക്കാർക്ക് ആ വീട്ടിൽ പ്രവേശനമില്ല. തുഷാരയെ ഒരിക്കലും പുറത്ത് വിടാറുമില്ല.

പ്രാക്കുളത്താണ്‌ ഗീതാലാലിന്റെ കുടുംബം. ദുർമന്ത്രവാദം നടത്തുന്നെന്ന പരാതിയെത്തുടർന്ന് നാട്ടുകാർ അവിടെനിന്ന് ഇവരെ ഓടിച്ചു. ഗീതാലാലിന്റെ മകൾ ജാൻസിയെ വിവാഹം കഴിച്ചുകൊണ്ടുവന്നത് ഓയൂർ പറണ്ടോട്ടിലാണ്. അവർ മുഖേനയാണ് അഞ്ചുസെന്റ് ഭൂമി വിലയ്ക്കുവാങ്ങി നാലുവർഷംമുൻപ്‌ താമസം തുടങ്ങിയത്.

ഇവിടെ നിർമിച്ച വീട് ദൃഷ്ടിദോഷത്തിന്റെ പേരിൽ പലവട്ടം പൊളിച്ചുമാറ്റി. ഇപ്പോൾ വീണ്ടും പൊളിച്ചിട്ടിരിക്കുകയാണ്.

കേസിൽ ഗീതയുടെ ഭർത്താവ് ലാൽ, മകൾ ജാൻസി എന്നിവർക്കെതിരേയും ബന്ധുക്കൾ പരാതി നൽകിയിട്ടുണ്ട്.

തുഷാരയുടെ മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു  

ഭർത്താവും ഭർത്തൃമാതാവും ചേർന്ന് മർദിക്കുകയും പട്ടിണിക്കിടുകയും ചെയ്തതിനെ തുടർന്ന് മരിച്ച ചെങ്കുളം പറണ്ടോട് ചരുവിളവീട്ടിൽ തുഷാരയുടെ മക്കളെ ശിശുക്ഷേമസമിതി ഏറ്റെടുത്തു. നാലും ഒന്നരയും വയസ്സുള്ള പെൺകുട്ടികളെയാണ് കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് (കെൽസ) സെക്രട്ടറി ജഡ്ജി സുധാകാന്തിന്റെ നേതൃത്വത്തിൽ ഏറ്റെടുത്തത്.

ശനിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ സ്ഥലത്തെത്തിയ കെൽസ അധികൃതർ പരിസരവാസികളോട് വിവരങ്ങൾ അന്വേഷിച്ചു. തുടർന്ന് തുഷാരയുടെ ഭർത്താവ് ചന്തുലാലിന്റെ സഹോദരി ജാൻസി താമസിക്കുന്ന വീട്ടിലെത്തി. തുഷാരയുടെ മരണശേഷം കുട്ടികൾ ജാൻസിയുടെ വീട്ടിലായിരുന്നു. ഒരുമണിയോടെ വാർഡ് മെമ്പർ ഏലിക്കുട്ടിയുടെ സാന്നിധ്യത്തിൽ കുട്ടികളെ ഏറ്റെടുത്തു. തുടർന്ന് കൊല്ലത്തെ ശിശുക്ഷേമസമിതിയുടെ ശിശുപരിചരണകേന്ദ്രത്തിലേക്ക് കുട്ടികളെ കൊണ്ടുപോയി.

ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ കെ.പി.സജിനാഥ്, ചൈൽഡ് പ്രൊട്ടക്‌ഷൻ ജില്ലാ മേധാവി സിജുബെൻ, പ്രൊട്ടക്‌ഷൻ ഓഫീസർ ദീപക്, അസിസ്റ്റന്റ്‌ ഓഫീസർ കാർത്തിക എന്നിവരും എത്തിയിരുന്നു.

കുട്ടികളുടെ സംരക്ഷണത്തിന് വേണ്ടതെല്ലാം ചെയ്യുമെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. തുഷാരയുടെ ഭർത്താവ് ചന്തുലാലും ചന്തുലാലിന്റെ അമ്മ ഗീതാലാലും റിമാൻഡിലാണ്.

Content Highlights: woman brutallay killed by husband and mother in law on dowry demand