കോയമ്പത്തൂര്‍:  യുവതിയുടെ മൃതദേഹം കാറില്‍കൊണ്ടുവന്ന് നടുറോഡില്‍ തള്ളി. കോയമ്പത്തൂര്‍ അവിനാശി റോഡില്‍ ചിന്നിയംപാളത്ത് തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. മൃതദേഹത്തിലൂടെ ഒട്ടേറെ വാഹനങ്ങള്‍ കയറിയിറങ്ങിയതിനാല്‍ ആളെ തിരിച്ചറിയാനായിട്ടില്ല. 

തിങ്കളാഴ്ച പുലര്‍ച്ചെ ചില ബൈക്ക് യാത്രക്കാരാണ് നടുറോഡില്‍ അര്‍ധനഗ്നയായനിലയില്‍ യുവതിയുടെ മൃതദേഹം കണ്ടത്. ഇവരാണ് പോലീസിനെ വിവരമറിയിച്ചത്. തുടര്‍ന്ന് പോലീസ് സമീപത്തെ കടയിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചതോടെയാണ് മൃതദേഹം കാറില്‍കൊണ്ടുവന്ന് തള്ളിയതാണെന്ന് വ്യക്തമായത്. 

അതിവേഗത്തില്‍ പോയ ഒരു എസ്.യു.വിയില്‍നിന്നാണ് മൃതദേഹം റോഡില്‍ തള്ളിയത്. പിന്നാലെ ഇതുവഴിയെത്തിയ പലവാഹനങ്ങളും മൃതദേഹത്തിലൂടെ കയറിയിറങ്ങി. അതിനാല്‍ തന്നെ മുഖം വികൃതമായി ആളെ തിരിച്ചറിയാന്‍ കഴിയാത്തനിലയിലായിരുന്നു. മൃതദേഹം പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലേ മരണകാരണം ഉള്‍പ്പെടെ വ്യക്തമാവുകയുള്ളൂ. സംഭവത്തില്‍ പോലീസിന്റെ രണ്ട് പ്രത്യേകസംഘങ്ങളാണ് അന്വേഷണം നടത്തുന്നത്. 

Content Highlights: woman body dumped from a car in coimbatore