സീതത്തോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് യുവതിയെ ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവരുകയും പുറത്തേക്ക് തള്ളിയിടുകയും ചെയ്ത സംഭവത്തിലെ പ്രതി ബാബുക്കുട്ടൻ പിടിയിലാകുന്നത് പോലീസിന്റെ കണ്ണുവെട്ടിച്ച് മലയോരഗ്രാമമായ പത്തനംതിട്ട ചിറ്റാറിലെ ബന്ധുവീട്ടിൽ ഒളിച്ചു താമസിക്കാൻ നടത്തിയ ശ്രമത്തിനിടയിൽ.

ബാബുക്കുട്ടന്റെ അച്ഛൻ വർഷങ്ങൾക്ക് മുമ്പ് ചിറ്റാറിൽ താമസിച്ചിരുന്നയാളാണ്. അത് മുതലാക്കി ചിറ്റാറിലുള്ള ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിച്ചു താമസിക്കാനായിരുന്നു ഇയാളുടെ പദ്ധതി. എന്നാൽ വീട്ടിലെത്തിയ ബാബുക്കുട്ടനെ ബന്ധു പുറത്താക്കുകയും അയൽവാസി വിവരം പോലീസിന് കൈമാറുകയും ചെയ്തു. വിവരം അറിഞ്ഞ് നിമിഷങ്ങൾക്കകം പോലീസ് സ്ഥലത്ത് എത്തിയതിനാൽ അവിടെനിന്ന് രക്ഷപ്പെടാനും കഴിഞ്ഞില്ല. ബസിലാണ് ഇയാൾ ചിറ്റാറിൽ എത്തിയതെന്ന് പറയുന്നു.

ഏപ്രിൽ 28-ന് ഗുരുവായൂർ-പുനലൂർ പാസഞ്ചർ ട്രെയിനിലെ വനിതാ കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്ന മുളന്തുരുത്തി കാരിക്കോട് സ്വദേശിനിയായ യുവതിക്ക് നേരെയാണ് ആക്രമണം നടന്നത്. യുവതി ചെങ്ങന്നൂരിലെ ജോലിസ്ഥലത്തേക്ക് വരുന്നതിനിടെ കാഞ്ഞിരമറ്റം-പിറവം റോഡ് സ്റ്റേഷനുകൾക്കിടയിൽ ഒലിപ്പുറത്തിന് സമീപത്തുവെച്ച് രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. ഈ സമയം കമ്പാർട്ട്മെന്റിൽ യുവതി മാത്രമാണുണ്ടായിരുന്നത്.

ഇവരെ സ്ക്രൂ ഡ്രൈവർ കാണിച്ച് ഭീഷണിപ്പെടുത്തി ഫോണും ആഭരണങ്ങളും വാങ്ങിയ ബാബുക്കുട്ടൻ ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തു. പ്രാണരക്ഷാർഥം കമ്പാർട്ട്മെന്റിന്റെ വാതിൽകമ്പിയിൽ പിടിച്ചുനിന്ന യുവതിയെ ഇയാൾ പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഒലിപ്പുറത്ത് റെയിൽവേ ട്രാക്കിനരികിൽ വീണ് പരിക്കേറ്റ് കിടന്ന യുവതിയെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്.

സംഭവത്തിനുശേഷം രക്ഷപ്പെട്ട ബാബുക്കുട്ടനുവേണ്ടി റെയിൽവേ പോലീസുൾപ്പെടെ പ്രത്യേകം സംഘം രൂപവത്‌കരിച്ച് അന്വേഷണം നടത്തിവരുകയായിരുന്നു. ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പിടിയിലായ ബാബുക്കുട്ടനെ അപസ്മാരമുണ്ടായതിനെ തുടർന്ന് രാത്രി പത്തു മണിയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ആരോഗ്യസ്ഥിതിയിൽ കുഴപ്പമില്ലെന്നു കണ്ട് 11 മണിയോടെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തിച്ചു. റെയിൽവേ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘമെത്തി രാത്രി തന്നെ ഇയാളെ കൊണ്ടുപോയി. ട്രെയിനിൽ സഞ്ചരിച്ച് പതിവായി കവർച്ച നടത്തുന്ന ബാബുക്കുട്ടൻ നിരവധി കേസുകളിലെ പ്രതിയാണ്.

ഒരാഴ്ച പോലീസിനെ വട്ടം ചുറ്റിച്ചു, ഒടുവിൽ പെട്ടു

കൊച്ചി: ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിലായത് ഒരാഴ്ച പോലീസിനെ വട്ടം ചുറ്റിച്ച ശേഷം. റെയിൽവേ പോലീസ് തലങ്ങും വിലങ്ങും അന്വേഷണം നടത്തിയിട്ടും പ്രതി നൂറനാട് സ്വദേശി ബാബുക്കുട്ടനെ കുറിച്ച് യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.

ഒടുവിൽ ഇയാൾ ചെന്നുപെട്ടത് പത്തനംതിട്ട ചിറ്റാർ ലോക്കൽ പോലീസിന്റെ കൈകളിലും. റെയിൽവേ പോലീസിലെ രണ്ട് ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിൽ 20 പേരുടെ സംഘമാണ് പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നത്.

റെയിൽവേ പോലീസ് നിരവധി തവണ അറസ്റ്റ് ചെയ്തിട്ടുള്ള പ്രതിക്ക് റെയിൽവേ പോലീസിന്റെ രീതികൾ അറിയാമായിരുന്നു. അതിനാൽത്തന്നെ റെയിൽവേ പോലീസിനെ വെട്ടിച്ചുപോകാനുള്ള തന്ത്രങ്ങളും ബാബുക്കുട്ടൻ അവലംബിച്ചു. റെയിൽവേ പാതയോടു ചേർന്നുള്ള കേന്ദ്രങ്ങളിൽ തങ്ങുന്ന പതിവ് ശീലം പ്രതി ഒഴിവാക്കി.

പ്രതിക്കെതിരേ നിലവിൽ ഏഴ്‌ കേസുകളുണ്ട്. ഈ കേസുകളിലടക്കം നടപടി സ്വീകരിച്ച് ബാബുക്കുട്ടനെ പൂട്ടാനാണ് റെയിൽവേ പോലീസിന്റെ നീക്കം. മോഷണ കേസിൽ ശിക്ഷ കഴിഞ്ഞ് മാർച്ച് 12-നാണ് ബാബുക്കുട്ടൻ പൂജപ്പുര സബ് ജയിലിൽനിന്ന് പുറത്തിറങ്ങിയത്.

അക്രമത്തിൽ പരിക്കേറ്റ് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ചൊവ്വാഴ്ച ആശുപത്രി വിട്ടു.

Content Highlights:woman attacked in train finally accused arrested by police