കൊച്ചി: തീവണ്ടിയിൽ യുവതിയെ ആക്രമിച്ച് കവർന്ന സ്വർണാഭരണം പോലീസ് കണ്ടെടുത്തു. മുഖ്യ പ്രതി ബാബുക്കുട്ടന്റെ സഹായികളായ രണ്ടുപേരെ എറണാകുളം റെയിൽവേ പോലീസ് പിടികൂടുകയും ചെയ്തു. വർക്കല ചെമ്മരുതി സ്വദേശികളായ പനനിൽക്കുംവിള വീട്ടിൽ പ്രദീപ് (37), ഒലിപ്പുവിള വീട്ടിൽ മുത്തു (20) എന്നിവരാണ് അറസ്റ്റിലായത്. ആഭരണങ്ങൾ വിൽക്കാനും വർക്കല ചെമ്മരുതിയിൽ ബാബുക്കുട്ടന് ഒളിച്ചു താമസിക്കാനും സൗകര്യം ഒരുക്കിയ കുറ്റത്തിനാണ് ഇവരെ അറസ്റ്റ് ചെയ്തത്.

വർക്കലയിലെ ജൂവലറിയിൽനിന്നാണ് ഇവർ വിറ്റ സ്വർണം കണ്ടെടുത്തത്. ഒരു പവന്റെ സ്വർണ മാലയും ഒരു പവന്റെ വളയുമാണ് പ്രതി കവർന്നെടുത്തത്. മാലയും വളയും ഉരുക്കി സ്വർണക്കട്ടിയാക്കിയ നിലയിലാണ് കണ്ടെത്തിയത്. കേസിൽ കൂടുതൽ പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ബുധനാഴ്ച ബാബുക്കുട്ടന്റെ കസ്റ്റഡി കാലാവധി അവസാനിച്ചിരുന്നു. ഇപ്പോൾ ഇയാൾ ജയിലിലാണ്. പ്രതിക്ക് തുടർച്ചയായി അപസ്മാരം ഉണ്ടായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നതിനാൽ തെളിവെടുപ്പ് പൂർത്തിയാക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല. ആരോഗ്യം വീണ്ടെടുക്കുന്ന മുറയ്ക്ക് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 28-നാണ് മുളന്തുരുത്തി സ്വദേശിയായ യുവതി ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.