തിരുവനന്തപുരം: തീവണ്ടിയിൽ യുവതിയെ ആക്രമിച്ച കേസിലെ പ്രതി ബാബുക്കുട്ടനെ റെയിൽവേ പോലീസ് തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുത്തു. പുറത്തേക്കു ചാടി രക്ഷപ്പെടാനായി വാതിലിനടുത്തേക്ക് ഓടിയെത്തിയ യുവതിയെ പിന്നിൽനിന്ന് തള്ളിയതായി ബാബുക്കുട്ടൻ പോലീസിന് മൊഴി നൽകി.

ഗുരുവായൂർ- പുനലൂർ തീവണ്ടിയുടെ ഡി- 9 ബോഗിയിൽ യുവതി മാത്രമാണെന്നു മനസ്സിലാക്കിയ ബാബുക്കുട്ടൻ മുളന്തുരുത്തിയിൽനിന്നാണ് കയറിയത്. വാതിലുകൾ ഇയാൾ കുറ്റിയിടുന്നതു കണ്ട യുവതി ബോഗിയുടെ നടുഭാഗത്തുള്ള വാതിലിന് സമീപത്തുള്ള സീറ്റിലേക്കു മാറിയിരുന്നു. ഇവർ ഫോൺ ചെയ്യാൻ ശ്രമിക്കുന്നതിനിടെ ബാബുക്കുട്ടൻ ഫോൺ തട്ടിയെടുക്കുകയും ആക്രമിക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മാല പൊട്ടിച്ചെടുക്കാൻ ശ്രമിക്കവേ അവർ എതിർത്തു. തുടർന്ന് ബാബുക്കുട്ടൻ കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ കാട്ടി ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുത്തു. പിന്നീട് വള ഊരാൻ ബലപ്രയോഗം നടത്തവേ യുവതി വള ഊരി നൽകിയെന്ന് ബാബുക്കുട്ടൻ മൊഴി നൽകിയതായും പോലീസ് പറഞ്ഞു.

യുവതിയെ വലിച്ചിഴച്ച് ശൗചാലയത്തിലെത്തിച്ച് പൂട്ടിയിട്ട് രക്ഷപ്പെടാനായിരുന്നു ശ്രമിച്ചതെന്നും ബാബുക്കുട്ടൻ പോലീസിന് മൊഴി നൽകി. എന്നാൽ യുവതി കുതറിയോടി വാതിലിനടുത്തെത്തി പുറത്തേക്കു ചാടി രക്ഷപ്പെടാൻ ശ്രമിക്കവേ ബാബുക്കുട്ടനും അവരെ പിന്നിൽനിന്ന് തള്ളി. യുവതിയുടെ ബാഗിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചശേഷം ഇയാൾ മാവേലിക്കര സ്റ്റേഷനിൽ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു.

പ്രതിയെ മുളന്തുരുത്തിയിലെത്തിച്ച് ഇന്ന് തെളിവെടുക്കും

കൊച്ചി: ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി ബാബുക്കുട്ടനെ ഞായറാഴ്ച മുളന്തുരുത്തിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. റെയിൽവേ പോലീസ് കസ്റ്റഡിയിൽ ലഭിച്ച പ്രതിയെ തിരുവനന്തപുരത്ത് എത്തിച്ച് ശനിയാഴ്ച തെളിവെടുപ്പ് നടത്തിയിരുന്നു. പാസഞ്ചർ തീവണ്ടിയുടെ ബോഗി തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ആയതിനാലാണ് ഇവിടെ എത്തിച്ചത്. എങ്ങനെയാണ് യുവതിയെ ആക്രമിച്ചതെന്ന് ബാബുക്കുട്ടൻ പോലീസിന് മുന്നിൽ വിവരിച്ചു. തെളിവെടുപ്പ് രണ്ടു മണിക്കൂർ നീണ്ടുനിന്നു.

ഞായറാഴ്ച ബാബുക്കുട്ടൻ സ്ക്രൂഡ്രൈവർ വാങ്ങിയ ആലപ്പുഴ മുല്ലയ്ക്കലിലെ കടയിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും. ഇതിനുശേഷം, അക്രമം നടന്ന മുളന്തുരുത്തിയിൽ എത്തിക്കാനാണ് റെയിൽവേ പോലീസ് തീരുമാനിച്ചിരിക്കുന്നത്.

പ്രതിയും യുവതിയും തീവണ്ടി കയറിയ മുളന്തുരുത്തി റെയിൽവേ സ്റ്റേഷൻ, യുവതിയുടെ ഫോൺ വലിച്ചെറിഞ്ഞ പ്രദേശം, യുവതി തീവണ്ടിയിൽ നിന്ന് ചാടിയ കാഞ്ഞിരമറ്റം ഒലിപ്പുറം എന്നിവിടങ്ങളിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.

ബാബുക്കുട്ടൻ കവർന്ന സ്വർണാഭരണങ്ങളും പോലീസിന് കണ്ടെടുക്കേണ്ടതുണ്ട്. സ്വർണാഭരണങ്ങൾ തീവണ്ടിയിൽ ഉറങ്ങുന്നതിനിടെ മറ്റാരോ കവർന്നുവെന്നാണ് ബാബുക്കുട്ടൻ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, പിന്നീട് ഇവ വിറ്റെന്ന് സമ്മതിച്ചു. എന്നാൽ, സ്വർണാഭരണങ്ങൾ വിറ്റെന്ന് പറയുന്ന സ്ഥാപനങ്ങൾ പലതും മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. ഇതിനാൽത്തന്നെ അന്വേഷണം വഴിതെറ്റിക്കാനുള്ള ബാബുക്കുട്ടന്റെ ശ്രമമാണെന്നാണ് പോലീസ് കരുതുന്നത്.

ബാബുക്കുട്ടൻ എവിടെയാണ് ഒളിച്ച് താമസിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത ലഭിച്ചിട്ടില്ല. വിശദമായ ചോദ്യംചെയ്യലിൽ ഇതിൽ വ്യക്തത ലഭിക്കുമെന്നാണ് റെയിൽവേ പോലീസ് കരുതുന്നത്.

ചൊവ്വാഴ്ച പത്തനംതിട്ട ചിറ്റാർ പോലീസാണ് പ്രതിയെ പിടികൂടിയത്. ചിറ്റാറിലെ ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയാനായി എത്തിയപ്പോൾ അവർ ബാബുക്കുട്ടനെ പുറത്താക്കി. പ്രതി ചിറ്റാറിലെത്തിയ വിവരം ഇവർ അറിയിച്ചതോടെ പോലീസെത്തി ഇയാളെ പിടികൂടുകയായിരുന്നു. കഴിഞ്ഞമാസം 28-നാണ് മുളന്തുരുത്തി സ്വദേശിയായ യുവതി ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്.