കൊച്ചി: ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി ബാബുക്കുട്ടൻ കുറ്റം സമ്മതിച്ചു. പ്രതിയെ ചൊവ്വാഴ്ച പിടികൂടിയ പത്തനംതിട്ട ചിറ്റാർ പോലീസ് നടത്തിയ പ്രാഥമിക ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത്. അതേസമയം പോലീസ് പിടിയിലായതിനു ശേഷം ചുഴലി അനുഭവപ്പെട്ടതിനെ തുടർന്ന് പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിരീക്ഷണത്തിൽ കഴിയാനാണ് ഡോക്ടർമാരുടെ നിർദേശം.

ഇതേത്തുടർന്ന് ഓൺലൈൻ മുഖാന്തിരം മജിസ്ട്രേറ്റിനു മുമ്പിൽ പ്രതിയെ ഹാജരാക്കി. ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുന്നതോടെ റെയിൽവേ പോലീസ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങും. തുടർന്ന് തെളിവെടുപ്പും വിശദമായ ചോദ്യം ചെയ്യലും നടത്തും. കവർച്ച ചെയ്ത സ്വർണ മാലയും വളയും എന്ത് ചെയ്തെന്ന കാര്യവും ചോദിച്ചറിയും. ഇത് വേറൊരാൾ തട്ടിയെടുത്തു എന്ന ബാബുക്കുട്ടന്റെ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

പ്രതിയും യുവതിയും തീവണ്ടിയിൽ കയറിയ മുളന്തുരുത്തി റെയിൽവേ സ്റ്റേഷനിൽനിന്ന് തീവണ്ടിയിൽ തന്നെ പ്രതിയുമായി തെളിവെടുപ്പ് നടത്തും.

16 കേസുകൾ

മോഷണം, പിടിച്ചുപറി തുടങ്ങിയ കുറ്റങ്ങൾക്ക് കോട്ടയം, മാവേലിക്കര, ചാത്തന്നൂർ, നൂറനാട്, കല്ലമ്പലം, കൊട്ടിയം എന്നിവിടങ്ങളിൽ ബാബുക്കുട്ടനെതിരേ 16 കേസുകളുണ്ട്. ഒരു വർഷവും മൂന്നു മാസവും തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്.

സഹായികളെ തിരയുന്നു

ഒരാഴ്ചയോളം പോലീസിന്റെ കണ്ണുവെട്ടിച്ച് ഒളിവിൽ കഴിഞ്ഞ ബാബുക്കുട്ടന് മറ്റാരെങ്കിലും സഹായം ചെയ്തു കൊടുത്തു കാണും എന്നാണ് പോലീസ് കരുതുന്നത്. ഈ കാര്യം പോലീസ് അന്വേഷിക്കുന്നുണ്ട്. പിടിയിലാകുമ്പോൾ 3800 രൂപ ബാബുക്കുട്ടന്റെ കൈയിൽ ഉണ്ടായിരുന്നു. ബാബുക്കുട്ടന്റെ കൈയിൽ പണമൊന്നുമില്ലെന്നായിരുന്നു ഇയാളുടെ അമ്മ നൽകിയ മൊഴി. ഇതെവിടെ നിന്ന് ലഭിച്ചു എന്നും അന്വേഷിക്കും.