കൊച്ചി: ഗുരുവായൂർ-പുനലൂർ എക്സ്പ്രസിൽ യുവതിക്ക് നേരേ അജ്ഞാതന്റെ ആക്രമണം. മുളന്തുരുത്തി സ്വദേശിനിയായ യുവതിയെയാണ് ഭീഷണിപ്പെടുത്തി ആഭരണങ്ങൾ കവർന്നശേഷം ആക്രമിച്ചത്. ട്രെയിനിൽനിന്ന് വീണ് പരിക്കേറ്റ യുവതിയെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബുധനാഴ്ച രാവിലെ ഒലിപ്പുറത്തുവെച്ചാണ് സംഭവമുണ്ടായതെന്ന് മുളന്തുരുത്തി എസ്.ഐ. മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ചെങ്ങന്നൂരിലെ സ്കൂളിൽ ക്ലാർക്കായി ജോലിചെയ്യുന്ന യുവതി മാത്രമാണ് ട്രെയിനിലെ സ്ത്രീകളുടെ കമ്പാർട്ട്മെന്റിൽ ഉണ്ടായിരുന്നത്. ട്രെയിൻ മുളന്തുരുത്തി സ്റ്റേഷൻവിട്ടതിന് പിന്നാലെ ഭിക്ഷക്കാരനെ പോലെ തോന്നിക്കുന്ന അജ്ഞാതൻ യുവതിയുടെ അടുത്തെത്തുകയായിരുന്നു.

പിന്നാലെ സ്ക്രൂഡ്രൈവർ ചൂണ്ടി ഭീഷണിപ്പെടുത്തി മാലയും വളയും ഊരിവാങ്ങിച്ചു. ഇതിനുശേഷം ആക്രമിക്കാൻ ശ്രമിച്ചപ്പോൾ യുവതി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും പോലീസ് പറഞ്ഞു. അതേസമയം, യുവതിയെ ഇയാൾ ട്രെയിനിൽനിന്ന് തള്ളിയിട്ടതാണോ രക്ഷപ്പെടാനായി ചാടിയതാണോ എന്നത് വ്യക്തമല്ല. ട്രെയിനിൽ നടന്ന സംഭവമായതിനാൽ റെയിൽവേ പോലീസാണ് കേസെടുത്തിരിക്കുന്നതെന്നും യുവതിയുടെ പരിക്ക് ഗുരുതരമല്ലെന്നും മുളന്തുരുത്തി പോലീസ് പറഞ്ഞു.

Content Highlights:woman attacked in guruvayoor punalur express