കൊട്ടിയം : വീടും വസ്തുവും സ്വന്തം പേരില്‍ എഴുതിനല്‍കാത്തതിന് ഭര്‍ത്തൃപിതാവിനെ പാരകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താന്‍ ശ്രമം. അക്രമം നടത്തിയ യുവതിയെ കണ്ണനല്ലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. മീയണ്ണൂര്‍ കൊട്ടുപാറ റോഡുവിള പുത്തന്‍വീട്ടില്‍ സെലീന പെരേര(39)യാണ് അറസ്റ്റിലായത്. ഇവരുടെ ഭര്‍ത്താവ് രാജന്റെ അച്ഛന്‍ പൊടിയനെ(76)യായിരുന്നു കൊലപ്പെടുത്താന്‍ ശ്രമിച്ചത്. പൊടിയന്റെയും ഭാര്യയുടെയും പേരിലുള്ള ഇരുപത്തിമൂന്നര സെന്റ് വസ്തുവും വീടും സെലീനയുടെ പേരില്‍ എഴുതിനല്‍കണമെന്നായിരുന്നു ആവശ്യം.

ഇക്കാര്യമാവശ്യപ്പെട്ട് ഇവര്‍ വീട്ടില്‍ പതിവായി വഴക്ക് ഉണ്ടാക്കാറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഇക്കഴിഞ്ഞ രണ്ടാംതീയതി രാത്രിയും സെലീന ഇതിന്റെ പേരില്‍ വഴക്കുണ്ടാക്കി. അടുക്കളയിലിരുന്ന പാരയെടുത്ത് പൊടിയന്റെ തലയ്ക്കടിക്കുകയായിരുന്നു.

തലയോട്ടി പൊട്ടി സാരമായി പരിക്കേറ്റ പൊടിയനെ മീയണ്ണൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് കൊല്ലത്ത് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. കണ്ണനല്ലൂര്‍ പോലീസ് പ്രതിയെ അറസ്റ്റുചെയ്ത് കോടതിയില്‍ ഹാജരാക്കി.