കൊച്ചി: പ്രണയാഭ്യര്‍ഥന നിരസിച്ച വീട്ടമ്മയെ മര്‍ദിക്കുകയും മുഖത്ത് തുപ്പുകയും ചെയ്ത യുവാവിനെ പോലീസ് പിടികൂടി. ചേര്‍ത്തല എരമല്ലൂര്‍ സ്വദേശി ശ്യാംകുമാറിനെയാണ് (32) എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. അയ്യപ്പന്‍കാവ് സ്വദേശിനിയായ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.

എരമല്ലൂരില്‍ പ്രതിയുടെ വീടിന് സമീപമാണ് യുവതി ഒരുവര്‍ഷം മുന്‍പുവരെ വാടകയ്ക്ക് താമസിച്ചിരുന്നത്. പ്രതി മദ്യപിച്ചെത്തി ശല്യപ്പെടുത്താന്‍ തുടങ്ങിയതോടെ അയ്യപ്പന്‍കാവ് ഭാഗത്തേക്ക് യുവതി താമസം മാറി. തിങ്കളാഴ്ച രാവിലെ ഏഴിന് യുവതി ഓഫിസിലേക്ക് പോകാനായി അയ്യപ്പന്‍കാവില്‍ ബസ് കാത്ത് നില്‍ക്കെ പ്രതി അവിടെയെത്തി പ്രണയാഭ്യര്‍ഥന നടത്തി. യുവതി നിരസിച്ചതോടെ പ്രകോപിതനായ പ്രതി അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നുവത്രെ. തുടര്‍ന്ന് റോഡിലേക്ക് തള്ളിയിട്ട് മുഖത്ത് തുപ്പി.

യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുക്കുകയും പ്രതിയുടെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. പ്രതി പരാതിക്കാരിയുടെ വീടിന്റെ അടുത്തുതന്നെ ഉണ്ടെന്ന് കണ്ടെത്തിയ പോലീസ്, തിരച്ചില്‍ നടത്തിയാണ് അറസ്റ്റ് ചെയ്തത്. നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ സിബി ടോം, എസ്.ഐ.മാരായ വി.ബി. അനസ്, ടി.എന്‍. മൈതീന്‍, സി.പി.ഒ.മാരായ പ്രവീണ്‍, ഫെബിന്‍, ശ്രീജിത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Content Highlights: woman attacked for rejecting love proposal