വെമ്പായം: ഓട്ടോയില്‍ യാത്ര ചെയ്യുകയായിരുന്ന സ്ത്രീയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ കട്ടയ്ക്കാല്‍ സ്വദേശി രമേശിനെ (55) വട്ടപ്പാറ പോലീസ് അറസ്റ്റു ചെയ്തു. അക്രമത്തിനുശേഷം വീട്ടിലെത്തി വിഷം കഴിച്ച ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി.

കന്യാകുളങ്ങര സ്വദേശി സുല്‍ഫത്തി (47)നാണ് കുത്തേറ്റത്. ശനിയാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം.

ഇരുവരും രണ്ടു വര്‍ഷമായി പരിചയത്തിലാണെന്ന് പോലീസ് പറഞ്ഞു. ഇടക്കാലത്ത് സുല്‍ഫത്ത് രമേശിനെതിരേ വട്ടപ്പാറ പോലീസില്‍ പരാതി നല്‍കിയിരുന്നു. സുല്‍ഫത്ത് കന്യാകുളങ്ങരയില്‍നിന്ന് നെടുവേലിയിലേക്ക് പോകുമ്പോള്‍ പിന്‍തുടര്‍ന്നെത്തിയ രമേശ് ഓട്ടോയില്‍ കയറുകയും കത്തി ഉപയോഗിച്ച് കുത്തുകയുമായിരുന്നു.

പണമിടപാടിനെച്ചൊല്ലിയുള്ള വൈരാഗ്യമാണ് അക്രമത്തിനു പിന്നിലെന്ന് എസ്.ഐ. ആന്റണി ജോസഫ് പറഞ്ഞു. കുത്തിയശേഷം രമേശ് വീട്ടിലേക്ക് പോവുകയും അവിടെവെച്ച് വിഷം കഴിക്കുകയുമായിരുന്നു. വിഷം കഴിച്ചതായി ഇയാള്‍ അറസ്റ്റു ചെയ്യാനെത്തിയ പോലീസിനെ അറിയിച്ചു. തുടര്‍ന്ന് പോലീസ് മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. കൈയ്ക്കു പരിക്കേറ്റ സുല്‍ഫത്തിനെ കന്യാകുളങ്ങര ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളേജിലേക്കു കൊണ്ടുപോയി.