ഹാമിർപുർ: ഉത്തർപ്രദേശിലെ റാഥ് കോട്‌വാലിയിൽ പ്രതിശ്രുത വരന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. റാഥ് കോട്‌വാലി സ്വദേശിയായ ജ്യോതി(21)യാണ് ഝാൻസി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെ മരിച്ചത്. അതിനിടെ, യുവതിയുടെ പ്രതിശ്രുത വരനായ ദേവേന്ദ്ര(22)യെ ബുധനാഴ്ച രാത്രി ജീവനൊടുക്കിയ നിലയിലും കണ്ടെത്തി. ഗ്രാമത്തിലെ ഒരു മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

യുവതിയെ ആക്രമിച്ചതിന് പിന്നാലെ ദേവേന്ദ്ര ജീവനൊടുക്കിയെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ ദിവസമാണ് ജ്യോതിയെ ദേവേന്ദ്ര കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ പിന്നീട് ഝാൻസിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ഇരുവരുടെയും വിവാഹം നേരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം പ്രതിശ്രുത വധൂ-വരന്മാരായ ജ്യോതിയും ദേവേന്ദ്രയും ഗ്രാമത്തിലെ ഒരിടത്ത് സംസാരിക്കാനെത്തി. ഇതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും തുടർന്ന് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് ദേവേന്ദ്ര യുവതിയെ കുത്തിപരിക്കേൽപ്പിച്ചെന്നുമാണ് പോലീസ് പറഞ്ഞത്. സംഭവത്തിന് ശേഷം ഇയാൾ രക്ഷപ്പെടുകയും പിന്നീട് ജീവനൊടുക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി വ്യാഴാഴ്ച രാവിലെയും മരണത്തിന് കീഴടങ്ങി.

Content Highlights:woman attacked by fiancé dies at hospital in uttar pradesh