നെയ്യാറ്റിന്‍കര: മത്സ്യക്കച്ചവടത്തെച്ചൊല്ലിയുള്ള വാക്കുതര്‍ക്കത്തിനിടെ മത്സ്യവില്പനക്കാരിക്കു വെട്ടേറ്റു.

പുല്ലുവിള, പുതിയതുറ പുരയിടത്ത് എം.മല്ലിക(33)യുടെ ഇടതുകൈയിലെ വിരലുകള്‍ക്കാണ് വെട്ടേറ്റത്. വെട്ടിയ ഓട്ടോഡ്രൈവര്‍ക്കെതിരേ കേസെടുക്കുന്നില്ലെന്ന് ഇവര്‍ പരാതിപ്പെട്ടു.

തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയ്ക്കു ദേശീയപാതയില്‍ ഗ്രാമം കവലയ്ക്കു സമീപത്തുവെച്ച് പുല്ലുവിള സ്വദേശിയായ ഓട്ടോഡ്രൈവര്‍ പനിയടിമ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് പരാതി.

പനിയടിമ ഓട്ടോയില്‍ കൊണ്ടുവന്ന ഇയാളുടെ ബന്ധു ഗ്രാമത്ത് മത്സ്യക്കച്ചവടം നടത്തുന്നതിനെ മറ്റുള്ളവര്‍ എതിര്‍ത്തു. ഇത് മല്ലികയും ചോദ്യം ചെയ്തു. ഇതിനിടെ പ്രകോപിതനായ പനിയടിമ മീന്‍ മുറിക്കാനായി വെച്ചിരുന്ന കത്തിയെടുത്ത് മല്ലികയെ വെട്ടുകയായിരുന്നു. വെട്ടേറ്റ് മല്ലികയുടെ ഇടതുകൈയുടെ വിരലുകള്‍ മുറിഞ്ഞു.

നെയ്യാറ്റിന്‍കര പോലീസെത്തി ആദ്യം മല്ലികയെ നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലാക്കി. തുടര്‍ന്ന് ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.

മല്ലിക നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്‍കി. എന്നാല്‍ പ്രതിക്കെതിരേ കേസെടുക്കാന്‍ പോലീസ് തയ്യാറാകുന്നില്ലെന്ന് മല്ലിക പരാതിപ്പെട്ടു.ഇരുകൂട്ടരെയും സ്റ്റേഷനില്‍ വിളിപ്പിച്ചതായി പോലീസ് വ്യക്തമാക്കി.