പോത്താനിക്കാട്: വീട്ടിൽ വെള്ളം ചോദിച്ചെത്തി വീട്ടമ്മയെ കുത്തിവീഴ്ത്തി പണവും സ്വർണവുമായി കടന്നയാളെ പോലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി. കോട്ടയം മരിയത്തുരുത്ത് ശരവണ വിലാസത്തിൽ ഗിരീഷ് (35) ആണ് പിടിയിലായത്.

സംഭവത്തിൽ പോലീസ് പറയുന്നത് ഇങ്ങനെ: കല്ലൂർക്കാട് തഴുവുംകുന്ന് പ്ലാത്തോട്ടത്തിൽ സണ്ണിയുടെ വീട്ടിൽ മെഡിക്കൽ റെപ്രസെന്റേറ്റീവ് ചമഞ്ഞ് എത്തിയ യുവാവ് വീട്ടമ്മയോട് പ്രഷർ കൂടിയതിനാൽ കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. വീട്ടിൽ ഒറ്റയ്ക്കായിരുന്ന വീട്ടമ്മ വെള്ളം എടുക്കാൻ പോയപ്പോൾ ഇയാൾ പിന്നാലെ അകത്തുകയറി കുത്തിവീഴ്ത്തുകയും ഭീഷണിപ്പെടുത്തി മുറിയിലിട്ട് പൂട്ടുകയും ചെയ്തു. വീട്ടിലുണ്ടായിരുന്ന സ്വർണവും, പണവുമായാണ് ഇയാൾ കടന്നത്. ഇടതു കൈത്തണ്ടയിൽ മുറിവേറ്റ് രക്തം വാർന്ന് അവശനിലയിലായ വീട്ടമ്മ അൽപ്പസമയത്തിനു ശേഷം മുറിയിൽനിന്ന് പുറത്തിറങ്ങി ടൗണിൽ വ്യാപാരം നടത്തുന്ന ഭർത്താവിനെ വിവരം അറിയിച്ചു. ഭർത്താവ് എത്തിയാണ് പോലീസിൽ അറിയിച്ചത്.

പോലീസ് നടത്തിയ അന്വേഷണത്തിൽ മോഷ്ടാവ് ഒറ്റയ്ക്ക് ചുവന്ന കാറിലാണ് എത്തിയതെന്ന് അറിഞ്ഞു. പോത്താനിക്കാട് ഭാഗത്തേക്ക് കാർ പോയതായും വിവരം ലഭിച്ചു. ഉടൻ പോത്താനിക്കാട് പോലീസിനെ അറിയിച്ചു. കാറിനെ പിന്തുടർന്ന പോത്താനിക്കാട് പോലീസ്, മോഷ്ടാവിനെ പൈങ്ങോട്ടൂരിൽ വച്ച് പിടികൂടി കല്ലൂർക്കാട് പോലീസിന് കൈമാറി. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കും.

എസ്.എച്ച്.ഒ. മാരായ നോബിൾ മാനുവേൽ, കെ.ജെ. പീറ്റർ, എസ്.ഐ ടി.എം. സൂഫി തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.