കൊച്ചി: ഗുരുവായൂർ-പുനലൂർ പാസഞ്ചറിൽ യുവതിയെ ആക്രമിച്ച് ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി ബാബുക്കുട്ടൻ വീണ്ടും ആശുപത്രിയിൽ. ശനിയാഴ്ച തിരുവനന്തപുരത്ത് തെളിവെടുപ്പിന് കൊണ്ടുപോയി മടക്കി കൊണ്ടുവരുമ്പോഴാണ് ബാബുക്കുട്ടന് വർക്കലയിൽ വെച്ച് അപസ്മാരമുണ്ടായത്. ഇവിടത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബാബുക്കുട്ടനെ പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. 24 മണിക്കൂർ നിരീക്ഷണത്തിൽ കഴിയാനാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്.

ബാബുക്കുട്ടനെ ഞായറാഴ്ച ആലപ്പുഴയിലും മുളന്തുരുത്തിയിലും എത്തിച്ച് തെളിവെടുപ്പ് നടത്താനായിരുന്നു റെയിൽവേ പോലീസിന്റെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ ഇത് വൈകും. കസ്റ്റഡി കാലാവധി തീരും മുമ്പ് തെളിവെടുപ്പ് പൂർത്തിയാക്കണം എന്നതാണ് പോലീസിനെ സംബന്ധിച്ച വെല്ലുവിളി. കസ്റ്റഡി കാലാവധി തീരാൻ ഇനി മൂന്നു ദിവസം കൂടിയുണ്ട്. തെളിവെടുപ്പ് പൂർത്തിയായില്ലെങ്കിൽ കസ്റ്റഡി നീട്ടി ചോദിക്കുമെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

സംഭവം നടന്ന മുളന്തുരുത്തി മുതൽ കാഞ്ഞിരമറ്റം ഒലിപ്പുറം വരെയുള്ള മേഖലയിൽ തെളിവെടുപ്പ് നടത്തണം. ആക്രമണത്തിനുപയോഗിച്ച സ്ക്രൂഡ്രൈവർ വാങ്ങിയ ആലപ്പുഴയിലെ മുല്ലക്കലും തെളിവെടുപ്പ് നടത്തണം. ഇതിനൊപ്പം പ്രതി കവർന്ന സ്വർണാഭരണങ്ങളും കണ്ടെത്തണം. പ്രതി ഇതേപ്പറ്റി പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് പോലീസിനെ കുഴക്കുന്നുണ്ട്.