മൊഹാലി: പഞ്ചാബില്‍ സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ വിസമ്മതിച്ച യുവതിക്ക് പുരുഷസുഹൃത്തിന്റെ ക്രൂരമര്‍ദ്ദനം. നയാഗാവിലെ ഒരു ഹോട്ടലില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. 39 കാരിയായ യുവതിയെ 27 കാരനായ പുരുഷ സുഹൃത്താണ് ക്രൂരമായി മര്‍ദ്ദിച്ചത്. യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ ഇയാളെ പിന്നീട് കോടതി റിമാന്‍ഡ് ചെയ്തു. 

ഗുരുഗ്രാമില്‍ ഒരു പ്രൈവറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ഖരാര്‍ സ്വദേശിനിയായ യുവതിക്കാണ് പുരുഷ സുഹൃത്തില്‍ നിന്ന് അതിക്രമം നേരിടേണ്ടിവന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. നയാഗാവ് സ്വദേയായ യുവാവ് തൊഴില്‍രഹിതനാണ്. ശനിയാഴ്ച വൈകുന്നേരമാണ് യുവതിയും പുരുഷസുഹൃത്തും നയാഗാവിലെ ഹോട്ടലില്‍ എത്തുന്നത്. 

പുരുഷസുഹൃത്ത് അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നുവെന്നും മുറിയില്‍ കാത്തിരുന്ന അയാളുടെ സഹോദരനും സുഹൃത്തിനുമൊപ്പം കിടക്ക പങ്കിടാന്‍ നിര്‍ബന്ധിച്ചതായും യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഇതിന് വിസമ്മതിച്ചപ്പോള്‍ മര്‍ദിക്കുകയും മൂര്‍ച്ഛയുള്ള ആയുധം ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു. യുവതി ബോധരഹിതയായതോടെ ഹോട്ടലിന് വെളിയില്‍ കൊണ്ടിട്ട ശേഷം രക്ഷപ്പെടുകയായിരുന്നു. 

ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചണ്ഡിഗഡിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയെ പിന്നീട് മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെ മൊഴി പ്രകാരം ഐപിസി 323, 342, 506 വകുപ്പുകള്‍ പ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയോ മൂന്ന് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

Content Highlights: Woman assaulted by boyfriend for refusing to sleep with his brother, friend