നെടുമ്പാശ്ശേരി: യുവതിയെ ഉപയോഗപ്പെടുത്തി ബഹ്റൈനിലേക്ക് ഹാഷിഷ് കടത്താൻ ശ്രമിച്ചത് കൊച്ചി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘമെന്ന് സൂചന. കൊച്ചി വിമാനത്താവളത്തിൽ ചൊവ്വാഴ്ച പിടിയിലായ യുവതിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണ സംഘത്തിന് കൊച്ചി സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. യുവതിക്ക് ഹാഷിഷ് കൈമാറിയിരിക്കുന്നത് കൊച്ചിയിൽ വെച്ചാണ്.

തിങ്കളാഴ്ച കൊച്ചിയിലെത്തിയ യുവതി മയക്കുമരുന്ന് കടത്ത് സംഘത്തിൽനിന്ന് ഹാഷിഷ് വാങ്ങിയ ശേഷം വാടകയ്ക്ക് മുറിയെടുത്ത് തങ്ങി. വാടകമുറിയിൽ വെച്ചാണ് ഹാഷിഷ് അടിവസ്ത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ചത്. ചൊവ്വാഴ്ച പുലർച്ചെ യുവതി വിമാനത്താവളത്തിലെത്തുകയും ചെയ്തു.

ഇവർക്ക് മയക്കുമരുന്ന് കൈമാറിയ സംഘത്തെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഫോൺ കോളുകൾ വിശദമായി പരിശോധിച്ചു വരികയാണ്. ഇവർ മുൻപും ഗൾഫിലേക്ക് യാത്ര ചെയ്തിട്ടുണ്ട്.

യുവതിയെ ബുധനാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി ഇവരെ കസ്റ്റഡിയിൽ വാങ്ങും. കസ്റ്റഡിയിൽ കിട്ടുന്നതിനായി വ്യാഴാഴ്ച അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകും. വിശദമായ അന്വേഷണത്തിനായി റൂറൽ എസ്.പി.യുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

തൃശ്ശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് ചൊവ്വാഴ്ച ഒരു കോടിയോളം രൂപ വില വരുന്ന ഹാഷിഷുമായി കൊച്ചി വിമാനത്താവളത്തിൽ പിടിയിലായത്. 1.210 കിലോ ഹാഷിഷാണ് ഇവരിൽനിന്നു പിടികൂടിയത്.

എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ബഹ്റൈനിലേക്ക് പോകാനെത്തിയതാണിവർ. ദേഹ പരിശോധനയ്ക്കിടെ സി.ഐ.എസ്.എഫ്. വിഭാഗമാണ് മയക്കുമരുന്ന് കണ്ടെത്തിയത്. അടിവസ്ത്രങ്ങൾക്കുള്ളിലും അരയിലുമാണ് ഇവർ ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. സി.ഐ.എസ്.എഫ്. വിഭാഗം തുടർന്ന് ഇവരെ നെടുമ്പാശ്ശേരി പോലീസിന് കൈമാറുകയായിരുന്നു.