കുഴിത്തുറ: കശുവണ്ടി ഫാക്ടറിയിൽ ഒളിപ്പിച്ച 52 ലക്ഷം രൂപയുടെ വ്യാജനോട്ട് പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പോലീസ് അറസ്റ്റുചെയ്തു.

പളുകൽ കോടവിളാകം സ്വദേശിനി സിന്ധു (37)ആണ് അറസ്റ്റിലായത്. അരുമനയ്ക്കുസമീപം വെള്ളാങ്കോട്ടിലെ കശുവണ്ടി ഫാക്ടറിയിൽ വ്യാജനോട്ടുകൾ ഒളിപ്പിച്ചു വെച്ചിരിക്കുന്നെന്ന രഹസ്യ വിവരത്തെത്തുടർന്ന് അരുമന എസ്.ഐ. മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം ചൊവ്വാഴ്ച രാത്രി മിന്നൽപ്പരിശോധന നടത്തുകയായിരുന്നു.

ഡിവൈ.എസ്.പി. രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫാക്ടറി ഉടമ ജെറോൾഡ് ജപയെ ചോദ്യംചെയ്തു. ഇയാൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിന്ധുവിനെ പിടികൂടിയത്.

പണമിടപാട് സ്ഥാപനം നടത്തുന്ന സിന്ധു, ലോൺ വാങ്ങിത്തരാമെന്ന വ്യാജേന പലരിൽനിന്നും പണം തട്ടിയെടുത്തതായും പോലീസിന് വിവരം ലഭിച്ചു. ജെറോൾഡ് ജപയുമായി പണമിടപാടിലുണ്ടായ ബന്ധമാണ് പണം ഒളിപ്പിക്കാൻ കശുവണ്ടി ഫാക്ടറി തിരഞ്ഞെടുത്തത്.

സിനിമാ ഷൂട്ടിങ്ങിനായി തയ്യാറാക്കിയ ഡമ്മി നോട്ടുകളാണ് പിടിച്ചെടുത്തതെന്ന് സിന്ധു പോലീസിനെ അറിയിച്ചെങ്കിലും, പോലീസ് അംഗീകരിച്ചില്ല. തിരുവനന്തപുരം സ്വദേശിയിൽ നിന്ന് ഷൂട്ടിങ്ങിനായി രണ്ടുലക്ഷം രൂപയ്ക്കാണ് നോട്ടുകൾ വാങ്ങിയതെന്നും സിന്ധു അറിയിച്ചു. 2000, 500 രൂപ നോട്ടുകളാണ് പിടിച്ചെടുത്തത്. സിന്ധുവിനെ റിമാൻഡ് ചെയ്തു.