കൊല്‍ക്കത്ത: എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ സുബിര്‍ ചകിയുടേയും ഡ്രൈവറുടേയും കൊലപാതകക്കേസുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ നഴ്സായ മിഥു ഹൽദാർ (61) അറസ്റ്റില്‍. ഇരട്ടക്കൊലപാതകക്കേസിലെ മുഖ്യപ്രതിയെന്ന് പോലീസ് കരുതുന്ന ഇവരുടെ മകന് വേണ്ടിയുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. 

ഞായറാഴ്ചയാണ് കൊല്‍ക്കത്തയിലെ കില്‍ബര്‍ണ്‍ എഞ്ചിനീയറിങ് സ്ഥാപനത്തിന്റെ എംഡിയായ സുബില്‍ ചാകിയേയും അവരുടെ ഡ്രൈവര്‍ റബിന്‍ മണ്ഡലിനേയും വീട്ടില്‍ കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. ഇരുവരുടേയും കഴുത്തിലും കാലിനും ശരീരത്തിലും നിരവധി പരിക്കുകളുണ്ടായിരുന്നു. 

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: രണ്ട് കോടി രൂപ വിലമതിക്കുന്ന വസ്തുവില്‍പനയുമായി ബന്ധപ്പെട്ട പത്രപ്പരസ്യം കണ്ട് മിഥു ഹല്‍ദാറും മകനും സുബിര്‍ ചാകിയെ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. ഇവരുടെ വീട് ഇരുവരും ദിവസങ്ങള്‍ക്ക് മുന്‍പ് സന്ദര്‍ശിക്കുകയും ചെയ്തു. വസ്തുവില്‍ താല്‍പര്യമുണ്ടെന്നറിയിച്ച് സുബിര്‍ ചാകിയെ മിഥുവും മകനും വീണ്ടും വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തില്‍ മറ്റ് ചിലര്‍ക്കും പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. 

ഞായറാഴ്ച വൈകുന്നേരത്തോടെയാണ് വീട്ടിലെ രണ്ട് നിലകളിലായി ഇരുവരേയും കുത്തിക്കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. കവര്‍ച്ചയായിരുന്നു ഇവരുടെ ഉദ്ദേശം എന്നാണ് പ്രാഥമിക നിഗമനം. പത്ത് വര്‍ഷമായി സുബിര്‍ ചാകിക്കൊപ്പമുള്ള ആളാണ് ഡ്രൈവറായ റബിന്‍ മണ്ഡല്‍. 

ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയുലെടുത്ത മിഥു നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഡയമണ്ട് ഹാര്‍ബര്‍ മേഖലയില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരുടെ മകനും മുഖ്യപ്രതിയാണെന്ന് പോലീസ് സംശയിക്കുന്ന വിക്കി എന്ന മകന് വേണ്ടി തിരച്ചില്‍ നടക്കുന്നുണ്ട്. ഇവരുടെ ബന്ധുക്കളായ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.