കോഴിക്കോട്: ഹോം നഴ്‌സ് ചമഞ്ഞ് മോഷണം നടത്തിയ യുവതിയെ അറസ്റ്റുചെയ്തു. പാലക്കാട് എ.യുപി. സ്‌കൂളിനുസമീപം കൊടുമ്പ് പാവൊടി വീട്ടില്‍ മഹേശ്വരിയെ (38) ആണ് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റുചെയ്തത്. കഴിഞ്ഞ 12-ന് സ്വകാര്യ ആശുപത്രിയില്‍ രോഗിയെ പരിചരിക്കാനെത്തി ഏഴുപവന്‍ സ്വര്‍ണവും അയ്യായിരം രൂപയും മൊബൈല്‍ ഫോണും കവരുകയായിരുന്നു.

മലാപ്പറമ്പ് സ്വദേശിയായ ഷീനാ യോഗേഷാണ് കവര്‍ച്ചയ്ക്കിരയായത്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നതിനാല്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പാലക്കാട്ടും കണ്ണൂരും സമാനമായ ഒട്ടേറെ കേസുകള്‍ പ്രതിയുടെ പേരിലുണ്ട്. മലപ്പുറം സ്വദേശിയായ ശ്രീജയുടെ ആധാര്‍കാര്‍ഡ് ഉപയോഗിച്ചാണ് കോഴിക്കോട്ടെ ഹോം നഴ്‌സ് സ്ഥാപനത്തില്‍ ഇവര്‍ ജോലിനേടിയത്.

മെഡിക്കല്‍ കോളേജ് പോലീസ് എ.സി.പി. കെ. സുദര്‍ശന്‍, സി.ഐ. ബെന്നി ലാലു എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.

എസ്.ഐ.മാരായ എ. രമേഷ് കുമാര്‍, പി.വി. ദീപ്തി, കെ.എ. അജിത്ത്കുമാര്‍, എ.എസ്.ഐ. ബൈജു ടി., സൈബര്‍ സെല്ലിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ നജ്മ രൂപേഷ്, ബിനീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.