കൊല്ലം:സ്വകാര്യബസില്‍നിന്നിറങ്ങിയ യുവതിയുടെ ബാഗ് തുറന്ന് പണമെടുക്കാന്‍ ശ്രമിച്ച തമിഴ് നാടോടി യുവതി പോലീസ് പിടിയില്‍.

തെങ്കാശി റെയില്‍വേ പുറമ്പോക്ക് കോളനിയില്‍ താമസിക്കുന്ന കാളീശ്വരി(35)യാണ് പിടിയിലായത്. കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡിനു സമീപത്തുള്ള സ്റ്റോപ്പില്‍ ബസിറങ്ങിയ വെള്ളിമണ്‍ ശ്യാമളാലയം വീട്ടില്‍ രേവതിയുടെ ബാഗ് തുറന്നാണ് മോഷണത്തിനു ശ്രമിച്ചത്. ബാഗ് തുറക്കുന്നതു കണ്ട രേവതി ശബ്ദമുണ്ടാക്കി.

ബഹളംകേട്ട് ഓടിയെത്തിയവരും ഈസ്റ്റ് പോലീസും ചേര്‍ന്ന് യുവതിയെ പിടികൂടി. ഇവരെ റിമാന്‍ഡ് ചെയ്തു.

യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമം; രണ്ടാംപ്രതിയും പിടിയില്‍ 

കൊട്ടിയം: ചെറിയേല മോരി കോളനിയില്‍ പട്ടികജാതി യുവാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലെ രണ്ടാമനെയും പോലീസ് പിടികൂടി.

കൊറ്റങ്കര പുനുക്കന്നൂര്‍ മാമച്ചന്‍ കാവിനു സമീപം പണിക്കവീട്ടില്‍ ശ്രീകുമാറിനെ(25)യാണ് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തത്. കേസില്‍ ഒന്നാംപ്രതിയായിരുന്ന ശരത് രാജ് കഴിഞ്ഞമാസം പിടിയിലായിരുന്നു.

ഓഗസ്ത് 12-ന് ഇവര്‍ രണ്ടുപേരും ചേര്‍ന്ന് മോരി കോളനിക്കു സമീപം കടയില്‍ നില്‍ക്കുകയായിരുന്ന രാജ്‌മോഹനെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായാണ് കേസ്. ആക്രമണത്തില്‍ പരിക്കേറ്റ രാജ്മോഹന്‍ ഇപ്പോഴും ചികിത്സയിലാണ്.

രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍ 

കൊല്ലം:രണ്ടാനച്ഛനെ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിനെ ശക്തികുളങ്ങര പോലീസ് പിടികൂടി. ശക്തികുളങ്ങര മരുത്തടി ഗുരുദേവ് നഗര്‍-32, ആമച്ചിറ വീട്ടില്‍ തന്‍സീര്‍ (21) ആണ് പോലീസ് പിടിയിലായത്. പിണങ്ങിക്കഴിയുന്ന ഭാര്യയെയും മകനെയും കാണാനെത്തിയ മരുത്തടി സ്വദേശിയായ പ്രസാദിനാണ് ചൊവ്വാഴ്ച വൈകീട്ട് വെട്ടേറ്റത്.

മകനെ കാണാന്‍ വീട്ടിലേക്കു വന്ന പ്രസാദിനെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകനായ തന്‍സീര്‍ തടഞ്ഞു. ഇതേത്തുടര്‍ന്ന് വാക്കേറ്റമുണ്ടാകുകയും അടുക്കളയിലിരുന്ന വെട്ടുകത്തിയെടുത്ത് പ്രസാദിന്റെ തലയ്ക്കു വെട്ടുകയുമായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവശേഷം ശക്തികുളങ്ങര വട്ടക്കായല്‍ പരിസരത്തേക്ക് രക്ഷപ്പെട്ട തന്‍സീറിനെ പോലീസ് സഹസികമായി പിടികൂടി. ശക്തികുളങ്ങര ഇന്‍സ്‌പെക്ടര്‍ യു.ബിജു, എസ്.ഐ. വി.അനീഷ്, എ.എസ്.ഐ.മാരായ സജിത്ത്, സുനില്‍കുമാര്‍, സി.പി.ഒ.മാരായ ഹാഷിം, ഹരിജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ റിമാന്‍ഡ് ചെയ്തു.