സ്റ്റോക്ക്‌ഹോം: സ്വന്തം മകനെ 28 വര്‍ഷം അപ്പാര്‍ട്ടുമെന്റിനുള്ളില്‍ പൂട്ടിയിട്ടുവെന്ന സംശയത്തെത്തുടര്‍ന്ന് 70 വയസുള്ള സ്ത്രീ സ്വീഡനില്‍ അറസ്റ്റിലായി. ദീര്‍ഘകാലം പുറംലോകവുമായി ബന്ധമില്ലാതെ കഴിയേണ്ടിവന്ന യുവാവിനെ പോഷകാഹാരക്കുറവ് മൂലം പല്ലുകൊഴിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില ഗുരുതരമല്ല.
സ്വന്തം അമ്മ മകന്റെ സ്വാതന്ത്ര്യം നിഷേധിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തുവെന്ന് സ്റ്റോക്‌ഹോം പോലീസ് വക്താവ് പറഞ്ഞു. തെക്കന്‍ സ്റ്റോക്ക്‌ഹോമിന്റെ പ്രാന്തപ്രദേശത്തുള്ള ഹാനിങ്ങെയിലെ അപ്പാര്‍ട്ടുമെന്റില്‍ യുവാവിനെ ദീര്‍ഘകാലം പൂട്ടിയിട്ടുവെന്നാണ് വിവരം. 28 വര്‍ഷം യുവാവ് ബന്ധനത്തില്‍ കഴിഞ്ഞുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ പോലീസ് വക്താവ് തയ്യാറായില്ല.
12 വയസുള്ളപ്പോള്‍ മുതല്‍ സ്വന്തം മകനെ സ്‌കൂളില്‍ അയയ്ക്കാതെ അമ്മ പൂട്ടിയിട്ടുവെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ 70 വയസുള്ള സ്ത്രീ ആശുപത്രിയില്‍പോയ സമയത്ത് അടുത്ത ബന്ധുവാണ് ഞായറാഴ്ച യുവാവിനെ കണ്ടെത്തിയത്. ഇപ്പോള്‍ ഇയാള്‍ക്ക് 41 വയസുണ്ട്. കാലില്‍ മുഴുവന്‍ വ്രണങ്ങളുള്ള യുവാവ് വളരെ ബുദ്ധിമുട്ടിയാണ് നടക്കുന്നത്. പല്ലുകളെല്ലാം കൊഴിഞ്ഞുപോയി. സംസാരശേഷി വളരെ കുറവാണ്.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ നില ഗുരുതരമല്ല. എന്നാല്‍ ആരോപണങ്ങളെല്ലാം യുവാവിന്റെ അമ്മ നിഷേധിച്ചുവെന്നാണ് സ്വീഡിഷ് പ്രോസിക്യൂഷന്‍ അതോറിറ്റി പറയുന്നത്. വര്‍ഷങ്ങളായി വൃത്തിയാക്കാത്ത നിലയിലായിരുന്നു യുവാവിനെ പൂട്ടിയിട്ട അപ്പാര്‍ട്ടുമെന്റെന്ന് അദ്ദേഹത്തെ കണ്ടെത്തിയ ബന്ധു പറഞ്ഞു. പൊടിയും അഴുക്കും നിറഞ്ഞ് ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു മുറി.
യുവാവിനെക്കണ്ട് ഹൃദയം തകര്‍ന്നുപോയെന്ന് ബന്ധു പറയുന്നു. ഇയാളുടെ അമ്മ ഒരു ക്രൂരയാണെന്ന് അറിയാമായിരുന്നുവെങ്കിലും ഇത്രത്തോളം അവര്‍ ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. തന്റെ ബന്ധു ജീവിതത്തിലേക്ക് തിരിച്ചുവരുന്നു എന്നതില്‍ സന്തോഷമുണ്ടെന്നും യുവാവിനെ കണ്ടെത്തിയ ആള്‍ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: Woman Arrested in Sweden for Locking Son up for 28 Years