മാലൂര്‍: കപ്പറ്റപ്പൊയിലിനടുത്ത കോറോത്ത് ലക്ഷംവീട്ടില്‍ നന്ദിനി (75)യുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പോലീസ്.

നന്ദിനി വീട്ടിനകത്ത് കിടപ്പുമുറിയില്‍ മരിച്ചനിലയിലാണ് കാണപ്പെട്ടത്. വീട്ടില്‍ മകള്‍ ഷെര്‍ളിയും ഭര്‍ത്താവ് ഭാസ്‌കരനുമാണ് താമസം. ഭാസ്‌കരന്‍ ജോലിക്കുപോയ സമയം ഷെര്‍ളി അമ്മയെ ഓലമടല്‍കൊണ്ട് തലക്കടിച്ചും ചവിട്ടിയും കൊന്നെന്നാണ് അന്വേഷണത്തില്‍ വ്യക്തമായതെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്ന് ഷെര്‍ളിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

പേരാവൂര്‍ ഡിവൈ.എസ്.പി. ടി.പി.ജേക്കബ്, മാലൂര്‍ സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എന്‍.ബി.ഷൈജു, സബ് ഇന്‍സ്‌പെക്ടര്‍മാരായ ബി.വി.അബ്ദുറഹിമാന്‍, ബാബുരാജ്, രമ്യ, ഹെഡ് കോണ്‍സ്റ്റബിള്‍മാരായ ഷിബുലാല്‍, വിനോദ് തുടങ്ങിയവര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് നന്ദിനിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

വെള്ളിയാഴ്ച വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും കൊലപാതകം നടന്ന വീട്ടിലെത്തി പരിശോധന നടത്തി. നന്ദിനിയുടെ മൃതദേഹം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി.

Content Highlights: woman arrested in maloor for killing mother