കൊച്ചി: ചേരാനല്ലൂരില്‍ യുവാവിനെ മര്‍ദിച്ച ശേഷം ഇയാളുടെ കാറും പട്ടിക്കുട്ടികളെയും കടത്തിക്കൊണ്ടുപോയ കേസില്‍ കസ്റ്റഡിയിലെടുത്ത പനങ്ങാട് സ്വദേശി അനിത മാത്യുവിനെ അറസ്റ്റ് ചെയ്തു.

സംഭവത്തില്‍ യുവനടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷി വിഷ്ണു അടക്കം നാല് പ്രതികള്‍ ഉള്‍പ്പെട്ടതായി പോലീസ് അറിയിച്ചു. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു. ചേരാനല്ലൂര്‍ സ്വദേശി ഒരു കാര്‍ അടുത്തിടെ വിറ്റിരുന്നു. ഇതിന്റെ പണം സംബന്ധിച്ചുള്ള തര്‍ക്കമാണ് അടിപിടിയിലും കാര്‍ കടത്തിക്കൊണ്ടുപോകലിലും കലാശിച്ചത്. 

അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് യുവതി പിടിയിലായത്. ഇവരില്‍ നിന്നാണ് മറ്റു പ്രതികളെക്കുറിച്ച് വിവരം ലഭിച്ചത്. നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിഷ്ണുവിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു.

കാസര്‍കോട് നിന്നാണ് അറസ്റ്റ് ചെയ്തത്. കേസില്‍ നിരന്തരം ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.