കോഴിക്കോട്: നാലരവയസ്സുകാരിയുടെ കൊലപാതകത്തില്‍ പ്രതിയായ വളര്‍ത്തമ്മ 30 വര്‍ഷത്തിനുശേഷം വീണ്ടും പിടിയിലായി. രണ്ടാംപ്രതി മംഗളൂരു പഞ്ചമുകില്‍ സ്വദേശിനി ബീന എന്ന ഹസീനയാണ് (49) കളമശ്ശേരിയില്‍ ടൗണ്‍ പോലീസിന്റെ പിടിയിലായത്. നേരത്തേ ജയിലിലായിരുന്ന ഇവര്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പ്പോവുകയായിരുന്നു.
1991-ലാണ് കേസിന് ആസ്പദമായ സംഭവം. തെരുവില്‍ കഴിയുന്ന അമ്മയില്‍നിന്ന് വളര്‍ത്താമെന്ന് പറഞ്ഞ് ഏറ്റെടുത്ത പെണ്‍കുട്ടിയെ ബീനയും കാമുകനുംചേര്‍ന്ന് കോഴിക്കോട്ടേ ലോഡ്ജില്‍വെച്ച് പൊള്ളലേല്‍പ്പിക്കുകയും മര്‍ദിക്കുകയുമായിരുന്നു. ഗുരുതര പരിക്കേറ്റ കുട്ടി ചികിത്സയില്‍ കഴിയവേ മരിച്ചു. തുടര്‍ന്ന് അറസ്റ്റിലായ ഇവര്‍ മൂന്നുമാസം ജയിലില്‍ കഴിയുകയും ജാമ്യത്തിലിറങ്ങിയശേഷം ഒളിവില്‍ പോവുകയുമായിരുന്നു. ഒന്നാംപ്രതി ഗണേഷ് (54) ഇപ്പോഴും ഒളിവിലാണ്.
പോലീസ് പറയുന്നതിങ്ങനെ:
മംഗളൂരുവില്‍നിന്ന് എറണാകുളത്ത് താമസിക്കാനെത്തിയ ബീനയും കാമുകനായ ഗണേഷും ഇവിടെ തെരുവില്‍ കഴിയുന്ന അമ്മയില്‍ നിന്നുമാണ് നാലരവയസ്സുള്ള പെണ്‍കുട്ടിയെ വളര്‍ത്താനായി ഏറ്റെടുത്തത്. തുടര്‍ന്ന് ബീനയും ഗണേഷും കോഴിക്കോട്ടെത്തി ഓയിറ്റിറോഡിലെ ലോഡ്ജില്‍ താമസം ആരംഭിച്ചു. ഇരുവരും തമ്മില്‍ പ്രശ്നമുണ്ടാകുമ്പോള്‍ കാമുകന് കുട്ടിയെയാണ് ശാരീരികമായി ഉപദ്രവിച്ചിരുന്നത്. സിഗരറ്റുകൊണ്ട് ശരീരം മുഴുവന്‍ പൊള്ളലേല്‍ക്കുകയും വാരിയെല്ല് തകര്‍ന്നും ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍കുട്ടിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കുട്ടിയെ ആശുപത്രിയിലെത്തിച്ചശേഷം ഇരുവരും മുങ്ങി. ചികിത്സയില്‍ കഴിയവേ കുട്ടി മരിച്ചു. അസ്വാഭാവിക മരണത്തിന് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ ഇവര്‍ അറസ്റ്റിലായി.
നിലവില്‍ ഒളിവില്‍കഴിയുകയായിരുന്ന പ്രതി ബീന മൂന്നാര്ഭാഗത്ത് താമസമുണ്ടെന്നും, ഒരുബന്ധുവിന്റെ മരണവുമായി ബന്ധപ്പെട്ട് കളമശ്ശേരിയില്‍ എത്തുമെന്നുള്ള രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അവര്‍ ഇപ്പോള്‍ അറസ്റ്റിലായത്. ടൗണ്‍ അസി. കമ്മിഷണര്‍ എ.വി. ജോണിന്റെ നിര്‍ദേശപ്രകാരം ടൗണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീഹരി, എസ്.ഐ.മാരായ ബിജു ആന്റണി, അബ്ദുള്‍ സലിം, സീനിയര്‍ സി.പി.ഒ. സജേഷ് കുമാര്‍, സി. പി.ഒ.മാരായ രജീഷ് ബാബു, സുജന എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.