ചോറ്റാനിക്കര: മറുനാടൻ തൊഴിലാളി കാറിടിച്ച് മരിച്ച കേസിൽ കാറോടിച്ചിരുന്ന യുവതിയെ അറസ്റ്റ് ചെയ്തു. വട്ടുക്കുന്ന് സ്വദേശിനി ഐശ്വര്യ (20) ആണ് അറസ്റ്റിലായത്.

പ്രതിയെ തിരിച്ചറിഞ്ഞിട്ടും അറസ്റ്റ് ചെയ്യാതെ പോലീസ് ഒളിച്ചുകളിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ബുധനാഴ്ച രാത്രി എട്ടോടെ എരുവേലിക്കടുത്ത് റോഡരികിലൂടെ നടന്നുപോകുമ്പോഴാണ് ബംഗാൾ സ്വദേശി സനറുൽ മുല്ല (27)യെയും സുഹൃത്ത് സുജൽ മൊല്ലയേയും കാറിടിച്ചത്. സനറുൽ മുല്ല രാത്രി ആശുപത്രിയിൽ മരിച്ചു. കൂടെയുണ്ടായിരുന്നയാൾ ചികിത്സയിലാണ്.

സനറുലിനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ രാത്രിതന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. എന്നാൽ, കാറോടിച്ചയാളെ അറസ്റ്റ് ചെയ്യാൻ വൈകി. ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചികിത്സയിൽ കഴിയുന്ന സുജൽ മൊല്ലയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

സനറുൽ മുല്ലയുടെ മൃതദേഹം ശനിയാഴ്ച സ്വദേശത്തേക്ക് കൊണ്ടുപോയി. ശനിയാഴ്ച രാവിലെ 11-ഓടെ വിമാനത്തിലാണ് മൃതദേഹം ബംഗാളിലെത്തിച്ചത്. സുഹൃത്ത് ഫറൂഖ് ദഫ്ദാർ ആണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയത്. അഞ്ചുമാസം മുൻപ് ചോറ്റാനിക്കരയിലെത്തിയ സനറുൽ മുല്ല ഒരു കരാറുകാരന്റെ കൂടെ നിർമാണ ജോലികൾ ചെയ്തുവരികയായിരുന്നു.