കൊച്ചി: വിദേശത്തേക്ക് കടത്താൻ ശ്രമിച്ച ലഹരിമരുന്നുമായി യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിലായി. തൃശൂർ വെങ്ങിണിശേരി താഴേക്കാട്ടിൽ വീട്ടിൽ രാമിയ (33) ആണ് നെടുമ്പാശ്ശേരി പോലീസിന്റെ പിടിയിലായത്. ഇവരിൽനിന്ന് 1.21 കിലോഗ്രാം ഹാഷിഷ് ഓയിൽ പിടിച്ചെടുത്തു.

ചൊവ്വാഴ്ച രാവിലെ 9 മണിയോടെ ബഹ്റൈനിലേക്ക് പോകാൻ എത്തിയതായിരുന്നു രാമിയ. വിമാനത്താവളത്തിലെ പരിശോധനയ്ക്കിടെ യുവതിയെക്കുറിച്ച് സംശയം തോന്നിയ സി.ഐ.എസ്.എഫ് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും സി.ഐ.എസ്.എഫും ചേർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ഹാഷിഷ് ഓയിൽ പിടിച്ചെടുത്തത്.

സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് റൂറൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു. എസ്.എച്ച്.ഒ പി. ശശികുമാർ, എസ്.ഐ സി.പി ബിനോയി, എ.എസ്.ഐ ബിജേഷ്, സി.പി.ഒ മാരായ പി.വി ജോസഫ്, രശ്മി പി. കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരി വിമാനത്താവളപരിസരങ്ങളിൽ പോലീസ് നടത്തിയ പരിശോധനയിൽ വിവിധ ആളുകളിൽ നിന്നായി നാല് കിലോയോളം നിരോധിത പുകയില ഉത്‌പന്നങ്ങൾ പിടികൂടിയിരുന്നു.

Content Highlights:woman arrested hashish oil in nedumbassery airport