കോയമ്പത്തൂര്‍: അപ്പാര്‍ട്ട്‌മെന്റില്‍ വീട്ടുജോലിക്കായെത്തിയ യുവതിയെ ആഭരണങ്ങള്‍ കവര്‍ന്ന കേസില്‍ പോലീസ് പിടികൂടി. ഇടയാര്‍പാളയം സ്വദേശിനി സൂര്യയാണ് (34) സായിബാബ പോലീസിന്റെ പിടിയിലായത്. കോവില്‍മേട്ടിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ രണ്ടുപേരുടെ വീടുകളില്‍നിന്നായി 22 പവന്‍ സ്വര്‍ണമാണ് കാണാതായത്.

കംപ്യൂട്ടര്‍ എന്‍ജിനിയറായ പ്രശാന്ത് ക്ഷേത്രദര്‍ശനത്തിനുപോയി അടുത്തദിവസം തിരികെയെത്തിയപ്പോഴാണ് അലമാരയിലുണ്ടായിരുന്ന 12 പവന്‍ ആഭരണം കാണാതായതായി അറിഞ്ഞത്. തുടര്‍ന്ന്, പോലീസില്‍ പരാതിനല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് യുവതിയെ ചോദ്യംചെയ്യുകയായിരുന്നു. തുടര്‍ന്ന്, ആഭരണങ്ങള്‍ കണ്ടെത്തി. സംശയത്തിന്റെ പേരില്‍ യുവതി ജോലിചെയ്തിരുന്ന മറ്റൊരുവീട്ടിലും അന്വേഷണം നടത്തുകയായിരുന്നു.

തുടര്‍ന്നാണ് ഇവിടെനിന്ന് 10 പവന്‍ ആഭരണം കാണാതായതായി അറിഞ്ഞത്. വീട്ടുടമസ്ഥനായ വിശ്വനാഥന്റെ പരാതിയിലും കേസെടുത്ത പോലീസ് ഇവിടെനിന്നുപോയ പത്തുപവനടക്കം 22 പവന്‍ ആഭരണവും വീണ്ടെടുത്തു. യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.