അഹമ്മദബാദ്: കാമുകനുമായി വഴക്കിട്ടതിന് കാമുകന്റെ മകളെ സാമൂഹികമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയ യുവതി അറസ്റ്റില്‍. മധ്യപ്രദേശ് മൊറേന സ്വദേശിയും അഹമ്മദാബാദില്‍ താമസക്കാരിയുമായ രാധ സിങ്ങിനെ(32)യാണ് അഹമ്മദാബാദ് പോലീസിന്റെ സൈബര്‍ ക്രൈം സെല്‍ പിടികൂടിയത്. അഹമ്മദാബാദ് സ്വദേശിയുടെ പ്രായപൂര്‍ത്തിയാകാത്ത മകളുടെ ചിത്രമാണ് രാധ സിങ് മോശമായരീതിയില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്‌തെന്നാണ് പരാതി. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് യുവതി പെണ്‍കുട്ടിയുടെ ചിത്രം മോശമായരീതിയില്‍ പ്രചരിപ്പിച്ചത്. പെണ്‍കുട്ടിയുടെ ചിത്രത്തിനൊപ്പം 2500 രൂപയാണ് നിരക്കെന്നും എഴുതിയിരുന്നു. കൂടാതെ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ നമ്പറും ചിത്രത്തിനൊപ്പം നല്‍കി. ഇത് വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസില്‍ പരാതി എത്തിയത്. തുടര്‍ന്ന് സൈബര്‍ ക്രൈം സെല്‍ നടത്തിയ അന്വേഷണത്തില്‍ യുവതിയെ പിടികൂടുകയായിരുന്നു. 

യുവതിയെ ചോദ്യംചെയ്തതോടെയാണ് പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിക്കാനിടയായ കാരണം പോലീസിന് വ്യക്തമായത്. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ ജോലിചെയ്തിരുന്ന യുവതി പിന്നീട് അഹമ്മദാബാദിലേക്കെത്തി. ഇവിടെ പേയിങ് ഗസ്റ്റായി താമസിച്ച് ജോലിചെയ്തുവരുന്നതിനിടെ പെണ്‍കുട്ടിയുടെ പിതാവുമായി അടുപ്പത്തിലായി. എന്നാല്‍ അടുത്തിടെ കാമുകനും യുവതിയും തമ്മില്‍ വഴക്കിടുകയും തര്‍ക്കങ്ങളുണ്ടാവുകയും ചെയ്തു. ഇതിന്റെ പ്രതികാരമായാണ് കാമുകന്റെ മകളുടെ ചിത്രങ്ങള്‍ മോശമായരീതിയില്‍ പ്രചരിപ്പിച്ചതെന്നാണ് യുവതിയുടെ മൊഴി. സംഭവത്തില്‍ പോക്‌സോ, ഐടി വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്. 

Content Highlights: woman arrested for posting her lovers daughter photo with price tag in ahammedabad