കായംകുളം: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ തരപ്പെടുത്തി നൽകാമെന്നു പറഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത യുവതി അറസ്റ്റിൽ. കരുനാഗപ്പള്ളി കല്ലേലിഭാഗം മൂട്ടാൻ വാതുക്കൽ പടീറ്റതിൽ സുചിത്ര(36)യെയാണ് കായംകുളം പോലീസ് അറസ്റ്റുചെയ്തത്.
കരുനാഗപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്ഥാപനത്തിൽനിന്ന് വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. അക്കൗണ്ട് തുടങ്ങാനും സർവീസ് ചാർജുമായി ഒരോരുത്തരിൽനിന്ന് 2000 രൂപ വീതം വാങ്ങി. മൂന്നുമാസത്തിനുള്ളിൽ ഒരുലക്ഷം രൂപ നൽകുമെന്നായിരുന്നു വാഗ്ദാനം. കൃഷ്ണപുരം പഞ്ചായത്തിലെ പുള്ളിക്കണക്കിൽ 16 പേരിൽനിന്ന് 32,000 രൂപയും ദേവികുളങ്ങരയിൽ 10 പേരിൽനിന്ന് 20,000 രൂപയും വാങ്ങിയിരുന്നു. വള്ളികുന്നത്തുനിന്ന് രണ്ടുലക്ഷത്തേളം രൂപ ഈ ഇനത്തിൽ തട്ടിയെടുത്തതായാണ് അറിയുന്നത്. കരീലക്കുളങ്ങര, ഓച്ചിറ തുടങ്ങി വിവിധ ഭാഗങ്ങലിലും തട്ടിപ്പ് നടത്തിയിട്ടുണ്ട്.
പണം വാങ്ങിപ്പോയി മാസങ്ങൾക്കു ശേഷം യുവതിയെ ഫോണിൽ വിളിച്ചാൽപ്പോലും കിട്ടാത്തതിനെത്തുടർന്ന് പുള്ളിക്കണക്കിലുള്ള പത്തോളംപേർ കായംകുളം പോലീസിന് നൽകിയ പരാതിയെ തുടർന്നാണ് അറസ്റ്റ്. വിശദമായ അന്വേഷണത്തിൽ തട്ടിപ്പിന്റെ വ്യാപ്തി കൂടുമെന്നാണ് പോലീസ് പറയുന്നത്.
Content Highlights: woman arrested for money fraud by offering loan