കുന്നിക്കോട്: ഉറങ്ങിക്കിടന്ന വയോധികയുടെ മുഖത്ത് പരിക്കേല്‍പ്പിച്ച് ഒന്നരപ്പവന്‍ വരുന്ന മാല പൊട്ടിച്ചുകടന്ന അയല്‍വാസി യുവതി അറസ്റ്റില്‍. വിളക്കുടി നാസര്‍ മന്‍സിലില്‍ വഹീദ(38)യാണ് പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. വിളക്കുടി മുകളുവിളവീട്ടില്‍ സാറാബീവി(70)യുടെ മാല മോഷ്ടിച്ച സംഭവത്തിലാണ് അറസ്റ്റ്.

മോഷണത്തിന്റെ തലേദിവസം യുവതി സാറാബീവിയോടും മറ്റൊരു അയല്‍വാസിയോടും ആഭരണം പണയംവയ്ക്കാന്‍ ചോദിച്ചിരുന്നു. എന്നാല്‍ വയോധികയും അയല്‍വാസിയും ആഭരണങ്ങള്‍ നല്‍കാന്‍ വിസമ്മതിച്ചു. അടുത്തദിവസം സാറാബീവിയുടെ വീട്ടില്‍ കടന്ന യുവതി രാത്രി കട്ടിലിനടിയില്‍ ഒളിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിന് മാല പൊട്ടിച്ച് ഓടാന്‍ ശ്രമിച്ചതോടെ വയോധിക ഉണര്‍ന്ന് ബഹളംവെച്ചു. ഈസമയം പ്ലൈയര്‍(ചവണ)കൊണ്ട് മുഖത്തിടിച്ചു പരിക്കേല്‍പ്പിച്ച് രക്ഷപ്പെട്ടു.

കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസി തലേദിവസം ആഭരണം പണയംവയ്ക്കാന്‍ ആവശ്യപ്പെട്ടതില്‍ വയോധിക സംശയം പ്രകടിപ്പിച്ചു. തുടര്‍ന്ന് വഹീദയെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോഴാണ് മോഷണവിവരം പുറത്തറിഞ്ഞത്. മോഷ്ടിച്ച മാല പുനലൂരിലെ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ പണയംവെച്ചതായി കണ്ടെത്തിയിട്ടുണ്ട്.

യുവതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അയല്‍വാസികളുടെ സ്വര്‍ണം വാങ്ങി പണയംവെച്ചശേഷം മടക്കിനല്‍കാത്തതു സംബന്ധിച്ച് യുവതിക്കെതിരേ നേരത്തേ പരാതികളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.