ഉദയ്പുര്‍: രഹസ്യബന്ധമുണ്ടെന്ന് ആരോപിച്ച് യുവതിയെയും യുവാവിനെയും വൈദ്യുതി തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ച സംഭവത്തില്‍ മൂന്ന് പ്രതികള്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ദുംഗല സ്വദേശികളായ ബന്‍സിലാല്‍, സാന്‍വറ, ഭഗവാന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായ മൂന്ന് പേരാണ് കേസിലെ പ്രധാന പ്രതികളെന്നും ഇക്കാര്യം യുവതി മൊഴി നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. 

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. ദുംഗലയില്‍ താമസിക്കുന്ന വിധവയായ യുവതിയെയും വീട്ടിലെത്തിയ യുവാവിനെയുമാണ് രഹസ്യബന്ധം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദിച്ചത്. തൊട്ടടുത്ത ഗ്രാമത്തില്‍നിന്ന് അവശ്യസാധനങ്ങള്‍ എത്തിക്കാനായാണ് പരിചയമുള്ള യുവാവ് വീട്ടിലെത്തിയത്. ഇയാള്‍ വീടിനകത്തേക്ക് കയറിയതോടെ പ്രതികളും സമീപവാസികളായ മറ്റുചിലരും ഇവിടേക്ക് കുതിച്ചെത്തി. തുടര്‍ന്ന് യുവതിയെയും യുവാവിനെയും വീട്ടില്‍നിന്ന് വലിച്ചിഴച്ച് പുറത്തിറക്കുകയും സമീപത്തെ വൈദ്യുതി തൂണില്‍ കെട്ടിയിടുകയുമായിരുന്നു. ഇരുവരെയും മൂന്ന് മണിക്കൂറോളമാണ് കെട്ടിയിട്ട് മര്‍ദിച്ചത്. വസ്ത്രങ്ങള്‍ വലിച്ചുകീറി അര്‍ധനഗ്നരാക്കുകയും ചെയ്തു. 

സംഭവമറിഞ്ഞ് നൂറിലേറെ പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. പലരും യുവാവിനെയും യുവതിയെയും മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികള്‍ അനുവദിച്ചില്ല. പ്രതികളെ തടയാന്‍ ശ്രമിച്ച മറ്റൊരു സ്ത്രീക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു. സംഭവസ്ഥലത്തുനിന്ന് ആരോ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെയാണ് പോലീസ് ശക്തമായ നടപടി സ്വീകരിച്ചത്. കേസില്‍ കൂടുതല്‍പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെയും ഉടന്‍ പിടികൂടുമെന്നും പോലീസ് പറഞ്ഞു. 

Content Highlights: woman and youth tied electricity pole and thrashed by mob in rajasthan