കുന്നംകുളം(തൃശൂര്‍): പരിചയം നടിച്ച് വീട്ടമ്മയുടെ 70 പവന് സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി ഈഴുവത്തിരുത്തി വള്ളിക്കാട്ട് വീട്ടില്‍ സിബിന് (30), പൊന്നാനി നായരങ്ങാടി തൈവളപ്പില്‍ വീട്ടില്‍ നിഷ (ഹയറുന്നീസ-38) എന്നിവരെയാണ് എസ്.എച്ച്.ഒ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
എരമംഗലത്തുനിന്ന് അക്കിക്കാവ് കമ്പിപ്പാലത്തേക്ക് വിവാഹം കഴിച്ചുകൊണ്ടുവന്ന വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളാണ് തട്ടിയെടുത്തത്. നിഷയുമായി ഇവര്‍ക്ക് പരിചയമുണ്ടായിരുന്നു. ഫെയ്സ്ബുക്ക് വഴിയാണ് നിഷ സുഹൃത്തായ സിബിനെ പരിചയപ്പെട്ടത്. ഒരു വര്‍ഷത്തിലേറെയായി ഇവര്‍ തമ്മില്‍ ഫോണിലൂടെയും മറ്റും ആശയവിനിമയം നടത്താറുള്ളതായി പോലീസ് പറഞ്ഞു.
കഴിഞ്ഞദിവസം വീട്ടമ്മയുടെ ഭര്‍ത്താവിന്റെ സഹോദരി വീട്ടമ്മയുടെ കഴുത്തിലെ മാല പരിശോധിച്ചപ്പോഴാണ് അത് വ്യാജ സ്വര്‍ണാഭരണമാണെന്ന് മനസ്സിലായത്. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഇത് എരമംഗലത്തുള്ള വീട്ടുകാരെ അറിയിച്ചു. ഇവര്‍ ചേര്‍ന്ന് പോലീസില്‍ പരാതി നല്കി. വീട്ടമ്മയോട് ചോദിച്ചപ്പോള്‍ 35 പവന് സ്വര്‍ണാഭരണങ്ങള്‍ നിഷയ്ക്ക് വായ്പയായി പണയം നല്‍കിയെന്ന് സമ്മതിച്ചു. സിബിന് കാര്‍ വാങ്ങുന്നതിനാണ് അവശേഷിച്ച സ്വര്‍ണാഭരണങ്ങള്‍ കൊടുത്തതെന്നും സമ്മതിച്ചു.
വീട്ടുകാരും പോലീസും നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇവരില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുചോദിച്ചെങ്കിലും ലഭിച്ചില്ല. ഇപ്പോള്‍ കൈവശമില്ലെന്ന മറുപടിയാണ് രണ്ടുപേരും നല്‍കിയത്. വീട്ടമ്മയുടെ സഹായത്തോടെ സിബിനെ തൃശ്ശൂര്‍ റോഡിലെ സ്കൂളിന് സമീപത്തേക്ക് വിളിച്ചുവരുത്തിയാണ് പോലീസ് കെണിയില്‍പ്പെടുത്തിയത്.
സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളുമായി പരിചയപ്പെട്ട് ആഭരണങ്ങളും മറ്റും തട്ടിയെടുത്ത് ആഡംബരജീവിതം നയിക്കുന്നയാളാണ് സിബിനെന്ന് എസ്.എച്ച്.ഒ. കെ.ജി. സുരേഷ് പറഞ്ഞു. വിവിധ സ്റ്റേഷന് പരിധികളില്‍ സിബിന്റെ പേരില്‍ പരാതികളുണ്ട്. അപമാനം ഓര്‍ത്ത് പലരും പോലീസ് സ്റ്റേഷനുകളില്‍ ഒത്തുതീര്‍പ്പിലൂടെ കേസുകള്‍ അവസാനിപ്പിക്കുകയാണ്. മൂന്ന് മാസത്തിനുള്ളില്‍ പലതവണയായാണ് ആഭരണങ്ങള്‍ തട്ടിയെടുത്തത്. ഇതില്‍ ഭൂരിഭാഗവും കണ്ടെടുക്കാനായെന്നും പോലീസ് അറിയിച്ചു. എസ്.ഐ. വി.എസ്. സന്തോഷ്, എ.എസ്.ഐ. ഗോപി, ജാന്‍സി, താജി, ബാബുരാജ് എന്നിവരാണ് അന്വേഷണസംഘത്തിലുള്ളത്.