മാന്നാര്‍: വ്യാജമദ്യ വില്‍പ്പന നടത്തിയ സ്ത്രീയെയും വാങ്ങാനെത്തിയ യുവാവിനെയും മാന്നാര്‍ പോലീസ് പിടികൂടി.

ശനിയാഴ്ച രാത്രിനടന്ന പരിശോധനയ്ക്കിടെ പോലീസിനെക്കണ്ട് കൈവശമുണ്ടായിരുന്ന ഒരുലിറ്റര്‍ വാറ്റുചാരായം ഉപേക്ഷിച്ചോടിയ പന്തളം തെക്കേക്കര ഭാഗവതിക്കും പടിഞ്ഞാറു കമലാലയംവീട്ടില്‍ പ്രജേഷ്നാഥ്(39), ചാരായം വില്‍പ്പന നടത്തിയ ചെന്നിത്തല തൃപ്പെരുന്തുറ കിഴക്കേവഴി ചിറത്തലവീട്ടില്‍ മിനി(44) എന്നിവരാണ് പിടിയിലായത്.

ചെന്നിത്തലയില്‍ കോഴിക്കട നടത്തിവരുന്ന മിനി 2015-ല്‍ സമാനകേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ഇറച്ചിക്കോഴി വില്‍പ്പനയുടെ മറവിലാണ് വാറ്റുചാരായവില്‍പ്പന നടത്തിവന്നത്. ഇന്‍സ്‌പെക്ടര്‍ എസ്. നുമാന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.

ഇതോടെ കഴിഞ്ഞ പത്തുദിവസത്തിനുള്ളില്‍ മാന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആറുകേസുകളിലായി എട്ടുപേര്‍ പിടിയിലാവുകയും പത്തൊന്‍പതരലിറ്റര്‍ വാറ്റുചാരായം പിടിച്ചെടുക്കുകയും ചെയ്തു.