റെയ്ഗണ്ട്: യുവാവിനെ കൊന്ന് റെയില്‍വേ ട്രാക്കില്‍ തള്ളിയ സംഭവത്തില്‍ യുവതി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. അറസ്റ്റിലായവരില്‍ യുവതിയും കാമുകനും സുഹൃത്തും ഉള്‍പ്പെടും. മഹരാഷ്ട്രയിലെ റെയ്ഗണ്ട് ജില്ലയിലാണ് സംഭവം. 

അഴുകിയ നിലയില്‍ നന്ദു കലേക്കര്‍ (26) എന്ന യുവാവിന്റെ മൃതശരീരം റെയ്ഗണ്ടിലെ ധമ്മത്ത് ഗ്രാമത്തിലുള്ള റെയില്‍വേ ട്രാക്കില്‍ നിന്നാണ് കണ്ടെത്തിയത്. 
 
ഒക്ടോബര്‍ 13 മുതലാണ് കര്‍ജാത്തിലെ വഞ്ചാര്‍പാടയില്‍ നിന്ന് നന്ദുവിനെ കാണാതാകുന്നത്.  കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പോലീസ്, കാമുകി നിഷ വിര്‍ലേയ്ക്ക് നന്ദു ഫോണ്‍ ചെയ്തതായി കണ്ടെത്തി. ചോദ്യം ചെയ്യാനായി  വിളിപ്പിച്ച അന്വേഷണ ഉദ്യോഗസ്ഥരോട് നന്ദുവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പറഞ്ഞ് നിഷ മടങ്ങിപ്പോയി.
 
വ്യാഴാഴ്ച്ച നന്ദുവിന്റെ മൃതശരീരം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തിയതോടെ പോലീസ് വീണ്ടും നിഷയെയും അവരുടെ പുതിയ കാമുകന്‍ അനില്‍ റാവുത്തിനെയും (27) ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലില്‍ മഹേഷ് ബിവാരെ(22) എന്ന സുഹൃത്തിന്റെ സഹായത്തോടെ നന്ദുവിനെ തങ്ങള്‍ കൊലപ്പെടുത്തിയതായി ഇരുവരും പോലീസിനോട് സമ്മതിച്ചു.

നിഷയും അനിലും തമ്മില്‍ പ്രണയത്തിലായതോടെ തങ്ങള്‍ക്കിടയില്‍ നിന്ന് നന്ദുവിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നന്ദുവിന് നല്‍കി. അബോധാവസ്ഥയിലായ നന്ദുവിനെ മൂവരും ചേര്‍ന്ന് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. ശേഷം മൃതശരീരം റെയില്‍വേ ട്രാക്കില്‍ തള്ളി. 

 കോടതിയില്‍ ഹാജറാക്കിയ പ്രതികളെ നവംബര്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

content Highlight: Woman and two Others Arrested For Killing Former Boyfriend