കൊല്ലം: കുണ്ടറയിൽ അഞ്ചംഗ കുടുംബം ആത്മഹത്യയ്ക്ക് ശ്രമിക്കുകയും മൂന്നു പേർ മരിക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്. മരിച്ച യുവതിയുടെയും രണ്ട് കുട്ടികളുടെയും ശരീരത്തിൽ ചില പാടുകൾ കണ്ടതാണ് കൂടുതൽ സംശയങ്ങളിലേക്ക് നയിക്കുന്നത്. ഗൃഹനാഥനായ എഡ്വേർഡ് ഭാര്യയെയും കുട്ടികളെയും വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്നാണ് സംശയം. ഭാര്യയുടെ തലയിൽ അടിയേറ്റുണ്ടായ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം വൈകിട്ടാണ് കുണ്ടറ കേരളപുരത്ത് താമസിക്കുന്ന എറോപ്പിൽ വീട്ടിൽ വൈ. എഡ്വേർഡും(അജിത്-40) കുടുംബവും ആത്മഹത്യയ്ക്ക് ശ്രമിച്ചെന്ന വിവരം പുറംലോകമറിയുന്നത്. വിഷം ഉള്ളിൽച്ചെന്ന നിലയിൽ കണ്ടെത്തിയ കുടുംബാംഗങ്ങളെ ബന്ധുക്കളും നാട്ടുകാരും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഭാര്യ വർഷ(26), മക്കളായ അലൈൻ(രണ്ട്), ആരവ്(മൂന്ന് മാസം) എന്നിവർ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന എഡ്വേർഡ് ചികിത്സയിലാണ്. അതേസമയം, ദമ്പതിമാരുടെ മൂത്ത മകളായ ആറ് വയസ്സുകാരി വിഷം ചേർത്ത പാനീയം കുടിക്കാത്തതിനാൽ രക്ഷപ്പെട്ടിരുന്നു.

ബുധനാഴ്ച നടത്തിയ മൃതദേഹ പരിശോധനയിലാണ് മരിച്ച വർഷയുടെയും രണ്ട് കുട്ടികളുടെയും ശരീരത്തിൽ കുത്തിവെച്ചതിന്റെ പാടുകൾ കണ്ടത്. ഇതാണ് മൂവരെയും എഡ്വേർഡ് വിഷംകുത്തിവെച്ച് കൊലപ്പെടുത്തിയതാണെന്ന സംശയത്തിന് കാരണമായിരിക്കുന്നത്. വർഷയുടെ തലയിൽ അടിയേറ്റുണ്ടായ മുറിവുകളുമുണ്ട്.

അതേസമയം, ചികിത്സയിലുള്ള എഡ്വേർഡ് നിലവിൽ അപകടനിലം തരണം ചെയ്തിട്ടുണ്ട്. വിഷം കുത്തിവെയ്ക്കാനുള്ള ഭയംകാരണം ഇയാൾ വിഷം കലർത്തിയ ശീതളപാനീയം കുടിച്ചെന്നാണ് പോലീസിന്റെ നിഗമനം. ഇതേ പാനീയം തന്നെയാണ് മൂത്തമകൾക്കും നൽകിയത്. എന്നാൽ ആറുവയസ്സുകാരി ഇത് കുടിക്കാതെ പുറത്തേക്ക് കളയുകയായിരുന്നു.

മരിച്ച മൂന്ന് പേരുടെയും വിവിധ പരിശോധനഫലങ്ങൾ വന്നാൽ മാത്രമേ യഥാർഥ മരണകാരണം അറിയുകയുള്ളൂവെന്നാണ് പോലീസ് പറയുന്നത്. എഡ്വേർഡിന്റെ വീട്ടിൽനിന്ന് ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തിരുന്നു. സംശയങ്ങളും മറ്റു ചില അസ്വാരസ്യങ്ങളുമാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് കുറിപ്പിൽ എഴുതിയിരുന്നത്. എന്നാൽ എഡ്വേർഡ് രക്ഷപ്പെട്ടതിനാൽ ഇയാളെ വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ നീക്കം.

കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്കാണ് എഡ്വേർഡും കുടുംബവും താമസിച്ചിരുന്നത്. കുണ്ടറ മുക്കട രാജാ മെഡിക്കൽ സ്റ്റോർ ജീവനക്കാരനായിരുന്നു എഡ്വേർഡ്. ആരവിന് കുടലിൽ തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വർഷയും കുട്ടികളും മുഖത്തലയിലെ വർഷയുടെ കുടുംബവീട്ടിലായിരുന്നു.

രണ്ടു ദിവസം മുൻപ് എഡ്വേർഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേർഡ് വർഷയെ നിർബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടു വരികയായിരുന്നു.

വർഷ വീട്ടിലെത്തിയതു മുതൽ ഇരുവരും തമ്മിൽ വഴക്കു നടന്നിരുന്നതായി അയൽക്കാർ പറയുന്നു. സമീപത്തെ രാഷ്ട്രീയപ്രവർത്തകനെ വിളിച്ചുവരുത്തി ഇവരുടെ ബന്ധുവിന്റെ ഫോൺ നമ്പർ നൽകി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകീട്ട് നാലരയോടെ അയൽവാസി ഇവർക്ക് പാലു വാങ്ങി നൽകി. എഡ്വേർഡ് എത്തി പാലു വാങ്ങി അകത്തേക്കു പോയി. അഞ്ചരയോടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചെങ്കിലും ആരും പ്രതികരിച്ചില്ല. ഒടുവിൽ പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്.

അലൈൻ, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന വർഷയെയും എഡ്വേർഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വർഷയും മരിച്ചു. 10 മാസംമുൻപാണ് കുടുംബം കേരളപുരത്ത് താമസമാക്കിയത്. ഇതിന് മുമ്പ് കുടുംബകലഹങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നെന്നാണ് അയൽക്കാരും പറയുന്നത്.

Content Highlights:woman and two kids died in kundara police suspects murder by husband